ഭീകരരെ ആദരിക്കണമെന്ന് റാണ പറഞ്ഞിരുന്നു

ചിക്കാഗൊ| WEBDUNIA|
PRO
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഒമ്പത് ഭീകരര്‍ക്ക് ധീരതയ്ക്കുള്ള ഉയര്‍ന്ന സൈനിക ബഹുമതി നല്‍കി ആദരിക്കണമെന്ന് തഹാവുര്‍ ഹുസൈന്‍ ആവശ്യപ്പെട്ടതായി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍. പാകിസ്ഥാനിലെ ഏറ്റവും ഉയര്‍ന്ന മരണാനന്തര സൈനിക ബഹുമതിയായ നിഷാന്‍ - ഇ - ഹൈദര്‍ 26/11 ആക്രമണകാരികള്‍ക്ക് നല്‍കി ആദരിക്കണമെന്നാണ് റാണ ആവശ്യപ്പെട്ടത് എന്ന് ഹെഡ്‌ലി കോടതിയില്‍ പറഞ്ഞു.

മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായ പാകിസ്ഥാന്‍ വംശജനായ തഹാവുര്‍ ഹുസൈന്‍ റാണയുടെ വിചാരണ ചിക്കാഗോ കോടതിയില്‍ നടന്നു വരികയാണ്. കേസിലെ പ്രധാന സാക്ഷിയാണ് ഹെഡ്‌ലി. മുംബൈ ഭീകരാക്രമണത്തിന് വേണ്ടി ഇന്ത്യന്‍ ലക്‍‌ഷ്യങ്ങളില്‍ സര്‍വെ നടത്തിയതും ഭീകരരെ സഹായിച്ചതുമാണ് ഹെഡ്‌ലിക്കെതിരെയുള്ള കുറ്റം. വധ ശിക്ഷയില്‍ നിന്ന് രക്ഷ നേടാ‍നായി ഹെഡ്‌ലി കുറ്റസമ്മതം നടത്തുകയും മാപ്പുസാക്ഷിയാകുകയും ചെയ്യുകയായിരുന്നു.

വിചാരണ മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഹെഡ്‌ലി 26/11 ആക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി. നരിമാന്‍ ഹൌസില്‍ 72 മണിക്കൂര്‍ നീണ്ട ആക്രമണത്തിന്റെ ഏകോപനം നടത്തിയത് ലഷ്‌കര്‍ - ഇ - തൊയ്ബ ഭീകരന്‍ സാജിദ് മിര്‍ ആണ്. പാകിസ്ഥാനില്‍ നിന്ന് ഫോണിലൂടെയായിരുന്നു തത്സമയ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നത് എന്നും ഹെഡ്‌ലി പറഞ്ഞു.

സൈനിക ഹെലികോപ്ടര്‍ നരിമാന്‍ ഹൌസിനടുത്തെത്തിയപ്പോള്‍ പരവതാനികൊണ്ട് ശരീരം മൂടി രക്ഷപെടാനാണ് മിര്‍ നിര്‍ദ്ദേശിച്ചതെന്നും ഹെഡ്‌ലി വെളിപ്പെടുത്തുന്നു. ആക്രമണത്തില്‍ റാബി ഗവ്‌രിയേല്‍ ഹോള്‍ട്സ്‌ബെര്‍ഗിനെയും ഗര്‍ഭിണിയായ ഭാര്യയെയും മറ്റ് ഏഴ് പേരെയും ജൂത കേന്ദ്രത്തില്‍ വച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചാണ് കൊലപ്പെടുത്തിയത് എന്നും ഹെഡ്‌ലി വ്യക്തമാക്കി.

26/11 ആക്രമണത്തിന് രാഷ്ട്രീയപരമായ പല വീക്ഷണങ്ങളും ഉണ്ടാവും. എന്നാല്‍, തന്ത്രപരമായി അത് ബുദ്ധിപൂര്‍വമാണ് നടപ്പാക്കിയത്. സാജിദ് മിര്‍ എന്ന കമാന്‍ഡര്‍ക്ക് ഖാലിദ് ബിന്‍ വാലിദ് ബഹുമതി നല്‍കണമെന്നും റാണ തന്നോട് പറഞ്ഞതായി ഹെഡ്‌ലി കോടതിയെ അറിയിച്ചു. ഇരുവരും തമ്മില്‍ നടത്തിയ ഇ-മെയില്‍ ആശയവിനിമയത്തിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ പലഭാഗങ്ങളും വിചിത്രമായി തോന്നുന്നതിനു കാരണം അവ ഗൂഡഭാഷയിലായതിനാലാണെന്നും ഹെഡ്‌ലിവിശദീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :