ഭയപ്പെടുത്തിയുള്ള ബന്ധപ്പെടലും ബലാത്സംഗം

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 29 ജൂലൈ 2010 (10:51 IST)
ഭയപെടുത്തി ലൈംഗിക ബന്ധത്തിന് സമ്മതം നേടിയെടുക്കുന്നത് ബലാത്സംഗമായി മാത്രമേ പരിഗണിക്കാനാവൂ എന്നും അതിനെ ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായി പരിഗണിക്കാന്‍ കഴിയില്ല എന്നും സുപ്രീംകോടതി.

സത്യപാല്‍ സിംഗ് എന്നയാള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം നടത്തിയത്. ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നതിനാല്‍ തന്നെ കേസിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നു എന്ന് സത്യപാല്‍ സിംഗ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ജസ്റ്റിസുമാരായ പി സതാശിവവും പി എസ് ചൌഹാനും അടങ്ങുന്ന ബഞ്ചാണ് ഹര്‍ജി തള്ളിയത്.

സമ്മതം നല്‍കേണ്ടത് എന്തോ അത് നിഷേധിക്കാനും പിടിച്ചുവയ്ക്കാനുമുള്ള അനിയന്ത്രിത സ്വാതന്ത്ര്യവും സമ്മതമെന്നതു കൊണ്ട് ഉദ്ദേശിക്കുന്നു. എന്തു ചെയ്യണമെന്ന അഭ്യര്‍ത്ഥനയോടുള്ള സ്വതന്ത്രവും ബോധപൂര്‍വവുമായ സമീപനമാണത്. ബലാത്സംഗത്തില്‍ ശാരീരിക ബലം പ്രയോഗിക്കേണ്ടതില്ല എന്നും ഭീഷണി എന്ന ബലപ്രയോഗവും കുറ്റകരമാണെന്നും കോടതി ഹര്‍ജി തള്ളിക്കൊണ്ട് പറഞ്ഞു.

ദുഷ്കീര്‍ത്തി പേടിച്ച് ബലാത്സംഗ ഇരയോ കുടുംബമോ അനാവശ്യമായി ഒരാളെ കുടുക്കാന്‍ സാധ്യത കുറവാണെന്നും കേസില്‍ എഫ് ഐ ആര്‍ ഫയല്‍ ചെയ്യാന്‍ താമസിച്ചതിനു കാരണം പ്രാദേശിക പഞ്ചായത്ത് അധികൃതരും മുതിര്‍ന്ന ആളുകളും കേസിന് പോകുന്നതില്‍ നിന്ന് കുടുംബത്തെ വിലക്കാന്‍ ശ്രമിച്ചതു കാരണമാണെന്നും അപ്പീലില്‍ വിധി പറഞ്ഞുകൊണ്ട് കോടതി പറഞ്ഞു.

ബലാത്സംഗത്തിന് ഇരയാവുന്ന സ്ത്രീയോടുള്ള സമൂഹത്തിന്റെ പെരുമാറ്റം വലിയൊരു ഘടകമാണ്. അഭിമാന പ്രശ്നമായതിനാല്‍ ഇത്തരം കേസുകളില്‍ പൊലീസിനെയോ കോടതിയെയോ സമീപിക്കണോ എന്ന് കുടുംബാംഗങ്ങള്‍ കൂടി തീരുമാനിക്കേണ്ടതുണ്ട് എന്നും കോടതി നിരീക്ഷിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :