കോളിളക്കം സൃഷ്‌ടിച്ച ബൊഫോഴ്‌സ് ആയുധ ഇടപാടില്‍ ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്‌റോച്ചിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ഹര്‍ജിയില്‍ മാര്‍ച്ച് നാലിന് വിധി പറയും. ക്വത്‌റോച്ചിയെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി ബി ഐ ഡല്‍ഹി ചീഫ് മെട്രൊപൊളിറ്റന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
എഴുപതുകാരനായ ക്വത്റോച്ചിയെ കേസിന്റെ ഒരു ഘട്ടത്തില്‍ പോലും ഹാജരാക്കാന്‍ സി ബി ഐക്ക് സാധിച്ചിരുന്നില്ല. വിദേശത്ത് കഴിയുന്ന ഇയാളെ ഇനി വിട്ടുകിട്ടാന്‍ സാധ്യതയില്ല. അതിനാല്‍ കേസ് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് സി ബി ഐ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. 2009 ഒക്ടോബറിലാണ് കേസ് പിന്‍വലിക്കാനായി സി ബി ഐ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ബൊഫോഴ്‌സ് തോക്കിടപാട് കേസിലെ പ്രതികളെ സി ബി ഐ രക്ഷപ്പെടാന്‍ അനുവദിക്കുന്നതായി ആരോപിച്ച് അഭിഭാഷകനായ അജയ് അഗര്‍വാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അഴിമതിയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ സി ബി ഐയ്ക്ക് അറിയാമെന്നും ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണു കേസ് പിന്‍വലിക്കാന്‍ ശ്രമിക്കുന്നതെന്നും ഹര്‍ജിയിലുണ്ട്.
തോക്കിടപാടില്‍ ക്വത്‌റോച്ചിയും മറ്റൊരു ഇടപാടുകാരനായ വിന്‍ ഛദ്ദയും 61കോടി രൂപയുടെ കോഴപ്പണം കൈപ്പറ്റിയിരുന്നെന്ന് ടാക്‌സ് അപ്പലറ്റ് ട്രിബ്യൂണല്‍ കണ്ടെത്തിയിരുന്നു. 1986ല്‍ സ്വീഡിഷ് ആയുധനിര്‍മാണ കമ്പനിയായ ബൊഫോഴ്‌സുമായി ഒപ്പിട്ട ഇറക്കുമതിക്കരാറിലാണ് അഴിമതി നടന്നത്. എണ്‍പതുകളില്‍ രാജ്യത്തെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു ബൊഫോഴ്‌സ് അഴിമതി ആരോപണം.