പട്ന|
BIJU|
Last Modified ബുധന്‍, 26 ജൂലൈ 2017 (19:02 IST)
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. അഴിമതിക്കേസില്‍ പെട്ട തേജസ്വി ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി തന്നെ രാജി നല്‍കുന്ന അസാധാരണവും നാടകീയവുമായ നീക്കമാണ് ബീഹാറില്‍ സംഭവിച്ചിരിക്കുന്നത്.
രാജിക്കത്ത് നിതീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് കൈമാറി. ഇതോടെ മഹാസഖ്യം അതിന്‍റെ പൂര്‍ണ തകര്‍ച്ചയിലെത്തി. കഴിഞ്ഞ കുറച്ചുനാളായി തുടരുന്ന ആര്‍ ജെ ഡി - ജെ ഡി യു തര്‍ക്കം ഇതോടെ പരിസമാപ്തിയിലെത്തിയിരിക്കുന്നു. തേജസ്വി രാജിവയ്ക്കണം, ലാലു കുടുംബം സ്വത്തുവിവരം വെളിപ്പെടുത്തണം എന്നീ ആവശ്യങ്ങള്‍ ജെ ഡി യു ഉയര്‍ത്തിയിരുന്നു.
തേജസ്വി രാജിവയ്ക്കില്ലെന്ന് ലാലു പ്രസാദ് അസന്ദിഗ്ധമായി പ്രഖ്യാപിച്ചതോടെയാണ് നിതീഷ് കുമാര്‍ രാജി പ്രഖ്യാപിച്ചത്. എന്‍ ഡി എ സഖ്യം വിട്ട് നിതീഷ് കുമാര്‍ പുറത്തുവരികയും ലാലുവുമായി ചേര്‍ന്ന് മഹാസഖ്യമുണ്ടാക്കുകയും ചെയ്തത് രാജ്യത്തെ രാഷ്ട്രീയരംഗത്തുതന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്തായാലും ബി ജെ പിയുമായി സഹകരിക്കാന്‍ തന്നെയാണ് നിതീഷിന്‍റെ തീരുമാനമെന്നറിയുന്നു.
243 അംഗങ്ങളാണ് ബീഹാര്‍ നിയമസഭയില്‍ ഉള്ളത്. ഇതില്‍ ജെ ഡി യുവിന് 73 അംഗങ്ങളാണ് ഉള്ളത്. ആര്‍ ജെ ഡിക്ക് 80 അംഗങ്ങളുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷി ആര്‍ ജെ ഡിയാണ്. എന്നാല്‍ 53 അംഗങ്ങളുള്ള ബി ജെ പിയുമായി കൈകോര്‍ത്താല്‍ ബീഹാറില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിതീഷിന് കഴിയും.