ബി‌ജെ‌പി പള്ളികള്‍ ആക്രമിച്ചിട്ടില്ല: കമ്മീഷന്‍

ബാംഗ്ലൂര്‍| WEBDUNIA|
PRO
കര്‍ണാടകയില്‍ 2008-ല്‍ ക്രൈസ്തവ ദേവലായങ്ങള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും പങ്കില്ലെന്ന് ജസ്റ്റിസ് സോമശേഖര കമ്മീഷന്‍. സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക്‌ നേരെയുണ്ടായ വ്യാപക അക്രമങ്ങളില്‍ ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും പങ്കുണ്ടെന്ന് ആരോപണമുണ്ടായിരുന്നുവെങ്കില്‍ കമ്മീഷന്‍ ബിജെപിക്ക് നല്‍കിയിരിക്കുന്നത് ‘ക്ലീന്‍ ചിറ്റ്’ ആണ്. കര്‍ണാടക സര്‍ക്കാരും ഇക്കാര്യത്തില്‍ നിഷ്കളമാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

“ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ രാഷ്ട്രീയക്കാര്‍ക്കും ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും സംസ്ഥാന സര്‍ക്കാരിനും നേരിട്ടും നേരിട്ടല്ലാതെയും പങ്കുണ്ടായിരുന്നു എന്നാണ് ക്രിസ്ത്യാനികളും സഭയും നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതിനൊരു അടിസ്ഥാനവുമില്ല” - റിപ്പോര്‍ട്ടില്‍ പറയുന്നു

റിപ്പോര്‍ട്ട് കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയ്ക്കാണ് കമ്മീഷന്‍ കൈമാറിയിരിക്കുന്നത്. ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തിലുള്ള ലഘുലേഖകളും പ്രലോഭിപ്പിച്ചുള്ള മതപരിവര്‍ത്തനവുമാണ് ദേവാലയങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുടെ കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തായാലും, ആക്രമണമുണ്ടായ പള്ളികള്‍ അടച്ചിട്ടതും വിശ്വാസികള്‍ക്ക് ആരാധിക്കാനുള്ള സംവിധാനം ഒരുക്കാത്തതും അധികൃതരുടെ അനാസ്ഥ കാരണമാണെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുമുണ്ട്.

മംഗലാപുരം, ഉഡുപ്പി, ചിക്കമംഗലൂര്‍, കോലാര്‍, ചിക്കബല്ലാപൂര്‍, ബെല്ലാരി എന്നിവിടങ്ങളിലുള്ള പള്ളികള്‍ക്ക് നേരെയാണ് ആക്രമണങ്ങള്‍ ഉണ്ടായത്. ബിജെപിക്കും ആര്‍‌എസ്‌എസിനും ജയ് വിളിച്ചുകൊണ്ടെത്തിയ സംഘങ്ങളാണ് ആക്രമണങ്ങള്‍ നടത്തിയത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാന പൊലീസ് അവരെ സഹായിക്കുന്ന തരത്തിലുള്ള നടപടികളാണ് കൈക്കൊണ്ടത് എന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ അക്രമികള്‍ക്ക് ഇപ്പറഞ്ഞ സംഘടനകളുമായി ബന്ധമില്ല എന്നാണ് ജസ്റ്റിസ് സോമശേഖര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :