ബിഹാറില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍‌സരിക്കും

പാറ്റ്ന| WEBDUNIA| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2009 (16:30 IST)
അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കി. കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാന്‍ ആര്‍‌ജെഡിയും എല്‍‌ജെപിയും ആഗ്രഹം പ്രകടപ്പിച്ച പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്‍റെ ഈ പ്രസ്താവന.

കോണ്‍ഗ്രസുമായി സഖ്യത്തിന് ശ്രമിക്കുന്നു എന്ന് പറയുന്നതിലൂടെ ആര്‍‌ജെഡിയും എല്‍‌ജെപി‌യും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസുമായുള്ള സഖ്യം ആര്‍‌ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെയും എല്‍‌ജെപി നേതാവ് രാം‌വിലാസ് പാസ്വാന്‍റെയും ഒരു ആഗ്രഹം മാത്രമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അനില്‍ ശര്‍മ പറഞ്ഞു.

സംസ്ഥാനത്ത് വോട്ട് പങ്കാളിത്തത്തിലൂടെ കോണ്‍ഗ്രസിന് നേട്ടമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു സഖ്യമുണ്ടാക്കേണ്ട ആവശ്യമില്ലെന്നും ശര്‍മ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പ്രാധാന്യം ആര്‍‌ജെഡിയും എല്‍‌ജെപിയും തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് 18 അസംബ്ലി സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിം‌റി, ഭക്തിയാര്‍പൂര്‍ എന്നീ രണ്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നത്. അതേസമയം എല്‍‌ജെപി-ആര്‍‌ജെഡി സഖ്യത്തിന് ഒമ്പത് സീറ്റുകള്‍ ലഭിച്ചു. ബി‌എസ്പിക്ക് ഒരു സീറ്റ് ലഭിച്ചപ്പോള്‍ ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :