ബിയാന്ത് വധം:രണ്ട് പേര്‍ക്ക് വധശിക്ഷ

ചണ്ഡിഖഡ്| WEBDUNIA|
മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗിനെ വധിച്ച കേസില്‍ രണ്ട് പേര്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. ജാഗ്‌തര്‍ സിംഗ് ഹവാറ, ബല്‍‌വന്ത് സിംഗ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്.

ഷംഷിര്‍ സിംഗ്, ലക്വിന്തര്‍ സിംഗ്, ഗുര്‍മീദ് സിംഗ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. വിധി പ്രഖ്യാപനം രണ്ട് തവണ മാറ്റിവെച്ചതിന് ശേഷമാണ് പ്രത്യേക കോടതി ജഡ്‌ജി രവികുമാര്‍ ചൊവ്വാഴ്ച വിധി പ്രഖ്യാപിച്ചത്. ബുറൈല്‍ ജയില്‍ വളപ്പില്‍ വെള്ളിയാഴ്ച നടന്ന സിറ്റിംഗില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

പഞ്ചാബില്‍ നിന്ന് ഖാലിസ്ഥാന്‍ തീവ്രവാദം തുടച്ചു മാറ്റുന്നതില്‍ സുപ്രധാന പങ്കു വഹിച്ചിട്ടുള്ള ബിയാന്ത് സിംഗ് 1995 ഓഗസ്റ്റ് 31 ന് നടന്ന ഒരു ചാവേര്‍ സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. പൊലീസ് കോണ്‍സ്റ്റബിളായിരുന്ന ദിലവാര്‍ സിംഗ് ചാവേര്‍ ആയി എത്തിയാണ് സ്‌ഫോടനം നടത്തിയത്. പഞ്ചാബ് സെക്രട്ടറിയേറ്റിന് സമീപമായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ ബിയാന്ത് സിംഗിനെ കൂടാതെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യന്‍ പീനല്‍ കോഡിന്‍റെ 302,307,120(ബി) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. വധ ശിക്ഷ ലഭിച്ച ജ‌ഗ്‌ദാര്‍ സിംഗ് ഹവാറ ജോ ബോല്‍ സോ നേഹലെന്ന സിനിമ ഡല്‍ഹിയിലെ ഒരു തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്‌ഫോടനം നടത്തിയ കേസിലെ പ്രതി കൂടിയാണ്.

ഈ കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത് 1996 മേയിലായിരുന്നു. തുടക്കത്തില്‍ മാസത്തില്‍ ഏഴ് ദിവസമായിരുന്നു ഈ കേസിന്‍റെ വാദം നടന്നിരുന്നത്. ഇപ്പോള്‍ രണ്ട് കൊല്ലമായി എല്ലാ ദിവസവും ഈ കേസിന്‍റെ വാദം നടന്നിരുന്നു.

ഈ കേസില്‍ 250 സാക്ഷികളെ വിസ്തരിച്ചു. അന്തിമ വാദം ജൂലൈ ആദ്യമാണ് പൂര്‍ത്തിയായത്.

പാര്‍ലമെന്‍റ് അക്രമണക്കേസിലെ വിധി ഉദ്ധരിച്ച് ബിയാന്ത് സിംഗ് വധക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :