ബിജെപി പതാക ഉയര്‍ത്തുമോ?

ജമ്മു| WEBDUNIA|
PTI
ബിജെപിയുടെ യുവജനസംഘടനയായ യുവമോര്‍ച്ചയ്ക്ക് റിപ്പബ്ലിക് ദിനത്തില്‍ ജമ്മുവിലെ ലാല്‍‌ചൌക്കില്‍ ഉയര്‍ത്താന്‍ ഏറെ പാടുപെടേണ്ടി വരുമെന്ന് സൂചന. കശ്മീരിലെ ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ ബിജെപിയുടെ രാഷ്ട്രീയ ഏകതായാത്ര സംസ്ഥാനത്ത് കടക്കാന്‍ അനുവദിക്കില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇതിന്റെ ഭാഗമായി ജമ്മു-പഞ്ചാബ് അതിര്‍ത്തി അടച്ചു.

ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജയ്‌റ്റ്ലി, സുഷമ സ്വരാജ്, അനന്ത് കുമാര്‍ എന്നിവരെ കഴിഞ്ഞ ദിവസം ജമ്മു എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്യുകയും രാത്രി പതിനൊന്ന് മണിയോടെ ജമ്മു അതിര്‍ത്തി കടത്തുകയും ചെയ്തിരുന്നു. ഇത് ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന സൂചനയാണ് നല്‍കുന്നത്. എന്നാല്‍, ഇന്ന് അമൃത്സറില്‍ ഏകതാ യാത്രയ്ക്ക് ഒപ്പം ചേരുമെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്.

അതേസമയം, ബിജെപിയുടെ സഖ്യകക്ഷിയായ ജെ ഡി (യു) ഏകതാ യാത്രയോട് തണുപ്പന്‍ പ്രതികരണമാണ് നടത്തിയത്. പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന കശ്മീരില്‍ വീണ്ടും സംഘര്‍ഷം സൃഷ്ടിക്കുന്നതിനു മാത്രമേ യാത്ര ഉപകരിക്കൂ എന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവ് അഭിപ്രായപ്പെട്ടു. ഏകതാ യാത്രയ്ക്ക് പ്രത്യേകിച്ച് അര്‍ത്ഥമൊന്നും ഇല്ല എന്നാണ് നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടത്.

സഖ്യകക്ഷികളില്‍ ശിവസേന മാത്രമാണ് രാഷ്ട്രീയ ഏകതായാത്രയ്ക്ക് പരസ്യമായ പിന്തുണ നല്‍കിയിരിക്കുന്നത്. കശ്മീര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പോരാത്തതിന്, റിപ്പബ്ലിക് ദിനത്തില്‍ ലാല്‍ ചൌക്കില്‍ ബി‌എസ്‌എഫ് പതാക ഉയര്‍ത്തുമെന്ന് സേനാനേതൃത്വം പ്രഖ്യാപിച്ചതും ബിജെപിയുടെ യാത്രയ്ക്ക് തിരിച്ചടിയാവുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :