ബാഷയുടെ പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍ രാജിവച്ചു

ചെന്നൈ| WEBDUNIA|
PRO
എ രാജയുടെ വ്യാപാര പങ്കാളി സാദിഖ് ബാഷയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍ വി ദെക്കല്‍ തിങ്കളാഴ്ച രാജിവച്ചു. ഇതോടെ, ബാഷയുടെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്.

ശ്വാസം‌മുട്ടിയാണ് മരിച്ചതെന്ന് ഡോ.ദെക്കല്‍ പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, ബാഷയുടെ മരണം ആത്മഹത്യ ആണോ കൊലപാതകമാണോ എന്ന് ഉറപ്പിക്കണമെങ്കില്‍ ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവരണമെന്നും ദെക്കല്‍ വ്യക്തമാക്കിയിരുന്നു.

മദ്രാസ് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവിയായ ദെക്കലിന്റെ നേതൃത്വത്തിലായിരുന്നു റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ബാഷയുടെ പോസ്റ്റ്മാര്‍ട്ടം നടന്നത്. പെട്ടെന്നുള്ള രാജിയുടെ കാരണം വ്യക്തമല്ല എങ്കിലും ദെക്കല്‍ ഒരു മാസം മുമ്പ് തന്നെ രാജിക്കൊരുങ്ങിയിരുന്നു എന്ന് ഒരു വിഭാഗം പറയുന്നുണ്ട്.

ബാഷയുടെ മരണം മാര്‍ച്ച് 16 ന് രാവിലെ ഏഴ് മണിക്കും ഒമ്പത് മണിക്കും ഇടയിലായിരിക്കും നടന്നതെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. 2ജി കേസില്‍ ബാഷ മാപ്പുസാക്ഷിയാവാന്‍ തീരുമാനിച്ചിരുന്നു എന്നും സിബിഐ അധികൃതരെ കാണുന്നതിനായി ഡല്‍ഹിയിലേക്ക് പോകുവാന്‍ തീരുമാനിച്ചിരുന്ന ദിവസമാണ് മരണം നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :