ഇരട്ട സ്ഫോടനം നടന്ന ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആശങ്കാഭരിതമായ അന്തരീക്ഷത്തില്‍ ഐപിഎല്‍ മത്സരം ആരംഭിച്ചു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേസിലെ ചില താരങ്ങള്‍ കളിക്കുന്നതിന് ആദ്യം വിസമ്മതം പ്രകടിപ്പിച്ചിരുന്നു.
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരമാണ് ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്നത്. നിര്‍ദ്ദിഷ്ട സമയത്തില്‍ നിന്നും ഒരു മണിക്കൂര്‍ താമസിച്ചാണ് മത്സരം ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം 3:15ന് സ്ഫോടനം നടക്കുന്ന സമയത്ത് രണ്ട് ടീമുകളും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.
സ്റ്റേഡിയത്തിനരികെ നടന്ന ഇരട്ട സ്ഫോടനത്തില്‍ 12 പേര്‍ക്ക് പരുക്ക് പറ്റി. സ്റ്റേഡിയത്തിനു പുറത്ത് ഗേറ്റിനരികെ മതിലിനോട് ചേര്‍ത്ത് പ്ലാസ്റ്റിക് ബാഗിനുള്ളില്‍ പൊതിഞ്ഞു വച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്.
തരതമ്യേന ശക്തി കുറഞ്ഞ സ്ഫോടനത്തില്‍ പരുക്കേറ്റവരില്‍ നാല് പേര്‍ പൊലീസ് കോണ്‍സ്റ്റബിള്‍മാരാണ്. ഗേറ്റ് നമ്പര്‍ 12 ന് സമീപം ഡ്യൂട്ടി ചെയ്തിരുന്ന ഒരു സ്വകാര്യ സുരക്ഷാ ഗാര്‍ഡിനും പരുക്ക് പറ്റി. ഇവരെ മല്യാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രദേശമാകെ തെരച്ചില്‍ നടത്തി. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയശേഷം മാത്രമേ സ്ഫോടക വസ്തുക്കളുടെ സ്വഭാവത്തെ കുറിച്ച് വിശദീകരിക്കാന്‍ സാധിക്കൂ എന്ന് ബാംഗ്ലൂര്‍ പൊലീസ് കമ്മീഷണര്‍ ശങ്കര്‍ അറിയിച്ചു.