ബാംഗ്ലൂര്‍ ബിജെപി ഓഫീസിന് സമീപം ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നാലു പേര്‍ പിടിയില്‍. തമിഴ്നാട്ടിലെ വെല്ലൂരില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
തമിഴ്നാട് പൊലീസ് സ്പെഷ്യല്‍ ടീമാണ് ഇവരെ പിടികൂടിയത്. സ്ഫോടനത്തിനുപയോഗിച്ച ബോംബ് സ്ഥാപിച്ച മോട്ടോര്‍ സൈക്കിള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതാണെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതിന്റെ ഉടമയെ പൊലീസ് കണ്ടെത്തുകയും ചെയ്തു. സ്ഫോടനത്തിന് അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായി ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ബാംഗ്ലൂരില്‍ ബി ജെ പി ഓഫീസിന് മുന്നില്‍ നടന്ന സ്ഫോടനം ഭീകരാക്രമണം തന്നെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ടൈമര്‍ ഉപയോഗിച്ചാണ് സ്ഫോടനം നടന്നതെന്നും സ്ഥിരീകരണം ലഭിച്ചു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണങ്ങള്‍ക്കിടെ ബാംഗ്ലൂര്‍ ബിജെപി ഓഫീസിനു മുന്നില്‍ സ്‌ഫോടനം നടന്നത് ആശങ്കയുണര്‍ത്തിയിരിക്കുകയാണ്. ബി ജെ പി പ്രവര്‍ത്തകരെ ലക്‍ഷ്യമിട്ടാണ് സ്ഫോടനം നടന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ബുധനാഴ്ച രാവിലെയാണ് ബാംഗ്ലൂര്‍ ബിജെപി ഓഫീസിനു മുന്നില്‍ സ്‌ഫോടനം നടന്നത്. മല്ലേശ്വരത്തുള്ള ഓഫീസിനു സമീപമാണ് ഇത്. പൊലീസുകാര്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രാവിലെ 10:45 ഓടെയായിരുന്നു സംഭവം ഉണ്ടായത്. സമീപത്ത് പാര്‍ക്ക് ചെയ്ത ഒരു പൊലീസ് വാഹനവും മൂന്ന് കാറുകളും ഒരു ബൈക്കും ഉള്‍പ്പെടെ അഞ്ച് വാഹനങ്ങള്‍ സ്ഫോടനത്തില്‍ കത്തിനശിച്ചു.