ബാംഗ്ലൂരില്‍ കുളിയും കുപ്പിവെള്ളത്തില്‍!

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
കുടിക്കാനായി വാങ്ങിക്കുന്ന കുപ്പിവെള്ളം കുളിക്കാന്‍ കൂടി ഉപയോഗിക്കേണ്ട ഗതികേടിലാണ് ബാംഗ്ലൂര്‍ നിവാസികള്‍. ജലക്ഷാമം രൂക്ഷമായതോടെയാണ് ഇവര്‍ മിനറല്‍ വാട്ടറില്‍ കുളിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

നൂറുകണക്കിന് അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്ന ജനങ്ങളെല്ലാം കുളിക്കാനും പാത്രം കഴുകാനും എന്നു വേണ്ട, മറ്റെല്ലാ ആവശ്യങ്ങള്‍ക്കും ഇപ്പോള്‍ കുപ്പിവെള്ളമാണ് ഉപയോഗിക്കുന്നത്. ഇവിടെ വിതരണം ചെയ്യുന്നത് ഘനജലമാണെന്നും ശുദ്ധജലം കണികാണാന്‍ പോലുമില്ലെന്നുമാണ് ബാംഗ്ലൂരുകാരുടെ പരാതി.

കാവേരിയില്‍ നിന്നുള്ള ജലവിതരണം ഇവിടെയുള്ള പല അപ്പാര്‍ട്ട്‌മെന്റുകളിലും ലഭ്യമാവാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അതിനാല്‍ കുഴല്‍ക്കിണറുകളെയും ടാങ്കറില്‍ കൊണ്ടുവരുന്ന വെള്ളത്തെയും ആശ്രയിക്കേണ്ടിവരുന്നു.

ടാങ്കര്‍ ജലത്തില്‍ ക്ലോറിന്റെ അംശം വളരെ കൂടുതലായതിനാല്‍ അത് കുടിക്കാന്‍ സാധിക്കില്ല. കുളിക്കാനുപയോഗിച്ചാല്‍ തലമുടി പൊഴിയുകയും ചര്‍മ്മം വരണ്ട് പൊട്ടുകയും ചെയ്യും. തുണി കഴുകാന്‍ പോലും സാധിക്കാത്ത വെള്ളത്തില്‍ എങ്ങനെ കുളിക്കും എന്നാണ് ബാംഗ്ലൂരിലുള്ളവര്‍ ചോദിക്കുന്നത്. ടാങ്കര്‍ ജലത്തിനാകട്ടെ പൊന്നുവില നല്‍കുകയും വേണം.

ഈസ്‌റ്റ് ബാംഗ്ലൂരിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്. ശുദ്ധജല ദൌര്‍ലഭ്യം മൂലം ഇവിടെ മിനറല്‍ വാട്ടര്‍ കമ്പനികളുടെ കൊയ്ത്തുകാലമാണിപ്പോള്‍. കുടിക്കാനും പാചകത്തിനുമായി 20 ലിറ്ററിന്റെ മിനറല്‍ വാട്ടര്‍ ക്യാന്‍ വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ അതുപോലുള്ള എട്ട് ക്യാനുകള്‍ വരെ വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :