ഭദ്രക്|
WEBDUNIA|
Last Modified വ്യാഴം, 12 ജനുവരി 2012 (16:28 IST)
ഒറീസയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കോളജില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനായി ബസില്‍ കയറിയ 19കാരിയായ സസ്മിത പല്ലേ എന്ന വിദ്യാര്‍ത്ഥിനിയാണ് കൂട്ടബലാത്സംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്തത്.
സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷം രണ്ട് യുവാക്കള്‍ പെണ്‍കുട്ടിയുടെ ശരീരം അഗര്പദയില് ഉളള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചശേഷം ഓടി രക്ഷപ്പെട്ടു. ബസിന്റെ ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അതിനുശേഷമേ സംഭവത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.
“ഇതേ ബസില്‍ തന്നെയാണ് എന്റെ മകള്‍ എന്നും കോളജില്‍ നിന്ന് വരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അവള് പതിവായി എത്തുന്ന സമയത്ത് വീട്ടില്‍ എത്തിയില്ല. ഞങ്ങള്‍ ടെന്‍ഷനിലായി. പിന്നീട് പൊലീസുകാരാണ് ഞങ്ങളെ എല്ലാം അറിയിച്ചത്. അവളെ ബസിലെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊന്നതായാണ് ഞങ്ങള്‍ സംശയിക്കുന്നത്. എന്റെ മകളെ ആക്രമിച്ച എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് അധികൃതരോട് ആവശ്യപ്പെടുന്നത്” - സസ്മിതയുടെ പിതാവ് ഗണേഷ്കുമാര് പല്ലേ പറഞ്ഞു.
സസ്മിതയുടെ മരണത്തിന് കാരണക്കാരായവരെയെല്ലാം ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം ആരംഭിച്ചു. ഇവര്‍ പൊലീസ് കമ്മീഷണറുടെ ഓഫീസ് ഘരാവോ ചെയ്തു. ദേശീയപാത ഉപരോധിച്ചു.