ബച്ചനും അമര്‍സിംഗും അങ്ങനെ രണ്ട് പാത്രത്തിലായി!

ന്യൂഡല്‍ഹി| WEBDUNIA|
IFM
കഷ്ടകാലത്ത് അമിതാഭ് ബച്ചനെ അമിതമായി സഹായിച്ചു എന്ന് അല്‍പ്പം ദുഷ്പേര് കേട്ട അമര്‍സിംഗ്, ബച്ചന്‍കുടുംബത്തില്‍ നിന്ന് മാറി നടക്കാന്‍ നിര്‍ബന്ധിതനാകുന്നു. ബച്ചന്‍റെ ഉടമസ്ഥതയിലുള്ള എ ബി കോര്‍പറേഷന്‍റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അമര്‍സിംഗ് രാജി വച്ചിരിക്കുന്നു. അമര്‍സിംഗിന്‍റെ ഉടമസ്ഥതയിലുള്ള എനര്‍ജി ഡെവലപ്‌മെന്‍റ് കമ്പനി ലിമിറ്റഡ് ബോര്‍ഡില്‍നിന്ന് ബച്ചനും വിടുതല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇരുവരും പരസ്യ പ്രഖ്യാപനങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല.

സമയക്കുറവ് കാരണമാണ് എ ബി കോര്‍പറേഷനില്‍നിന്ന് രാജി വച്ചതെന്നാണ് അമര്‍സിംഗിന്‍റെ പൊതുജന സമക്ഷമുള്ള ന്യായവാദം. ബച്ചന്‍ തന്‍റെ നടപടിയെക്കുറിച്ച് ഇത് വരെ ട്വീറ്റ് ചെയ്യാന്‍ മുതിര്‍ന്നിട്ടുമില്ല.

എനര്‍ജി ഡെവലപ്‌മെന്‍റ് കമ്പനിയില്‍ അമര്‍സിംഗിനും ഭാര്യ പങ്കജ കുമാരി സിംഗിനും ചേര്‍ന്ന് 56.36 ശതമാനം ഓഹരിയുണ്ട്. ഇതിന് 100 കോടിയോളമാണ് കമ്പോള വില. ബച്ചന് ഈ കമ്പനിയിലുണ്ടായിരുന്നത് 3.64 ശതമാനം ഓഹരിയാണ്.

അമര്‍സിംഗിനെ മുലായംസിംഗ് യാദവ് സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും ബച്ചന്‍ കുടുംബം മുലായമുമായുള്ള ബന്ധം വിടാന്‍ തയ്യാറായിരുന്നില്ല. ഇതാണ് ഈ രണ്ട് ബിഗ്ഷോട്ടുകള്‍ തമ്മിലുള്ള അടുപ്പത്തില്‍ സുനാമിയുണ്ടാകാന്‍ കാരണമെന്നാണ് ഡല്‍ഹി സംസാരം.

ഏതായാലും ബച്ചന്‍റെ പ്രിയതമ ജയയെ സമാജ്‌വാദി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടിവ് അംഗമായി തെരഞ്ഞെടുത്തു കഴിഞ്ഞു. അമര്‍സിംഗാകട്ടെ, തന്‍റെ രാഷ്ട്രീയ നിലനില്‍പ്പ് തേടിയുള്ള പടയോട്ടത്തിലും!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :