പ്രിയങ്ക ചോപ്രയുടെ പഞ്ചാബ് പാരമ്പര്യത്തെ കുറിച്ച് ഒരു അജ്ഞാതന്‍ പരസ്യമായി ഉന്നയിച്ച ചോദ്യങ്ങള്‍ നടിക്ക് നാണക്കേടിനു കാരണമായി. ഡല്‍ഹിയില്‍ വച്ച് നടന്ന ഒരു അഭിമുഖത്തിനിടെയാണ് അജ്ഞാതന്‍ പ്രിയങ്കയ്ക്കെതിരെ ആഞ്ഞടിച്ചത്.
ചൊവ്വാഴ്ച ‘സാത്ത് ഖൂണ്‍ മാഫ്’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാനാണ് പ്രിയങ്ക ഡല്‍ഹിയില്‍ എത്തിയത്. പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കര്‍ത്തിനിടെ പ്രത്യക്ഷപ്പെട്ട അജ്ഞാതന്‍ പ്രിയങ്ക ഒരു പഞ്ചാബി അല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു. ആദ്യം ഇയാളുടെ ഇടപെടല്‍ തമാശയായി എടുത്ത നടി പിന്നെയും ഇയാള്‍ വാക്കുകള്‍ കൊണ്ടുള്ള ആക്രമണം തുടര്‍ന്നപ്പോള്‍ തളര്‍ന്നു.
പ്രിയങ്ക ഒരു പഞ്ചാബി അല്ല എന്നും അവര്‍ പഞ്ചാബിനും പഞ്ചാബികള്‍ക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നുമായിരുന്നു അജ്ഞാതന്‍ തുടരെ ആക്രോശിച്ചത്. വാക്കുകള്‍ കൊണ്ടുള്ള ആക്രമണം ശക്തമായപ്പോള്‍ അയാളോട് വായടയ്ക്കാന്‍ പ്രിയങ്ക ആവശ്യപ്പെട്ടു.
എന്നാല്‍, നടി കോപാകുലയായപ്പോഴേക്കും അജ്ഞാതന്‍ അപ്രത്യക്ഷനായി. ഇയാളെ പരിപാടിയുടെ സംഘാടകര്‍ തെരഞ്ഞു എങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
റായ്‌ബറേലിയില്‍ വളര്‍ന്ന പ്രിയങ്കയുടെ പിതാവ് പഞ്ചാബില്‍ നിന്നുള്ള ആളാണെങ്കിലും മാതാവ് ഝാര്‍ഖണ്ഡ് സ്വദേശിനിയാണ്. ഇതാദ്യമായാണ് നടി ഇത്തരത്തില്‍ പൊതുജനമധ്യത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത്.