ബേതൂള്‍|
WEBDUNIA|
Last Modified ബുധന്‍, 30 ജൂണ്‍ 2010 (19:10 IST)
PTI
ഭൂമി ഇടപാടില്‍ കൃത്രിമം കാണിച്ചു എന്ന് ആരോപിച്ച് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിനെതിരെ മധ്യപ്രദേശിലെ ഒരു പ്രാദേശിക കോടതി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രഥമ ദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടതിനാല്‍ പ്രഫുല്‍ പട്ടേലും മറ്റ് എട്ട് കുറ്റാരോപിതരും ജൂലൈ 29 ഹാജരാവാന്‍ മധ്യപ്രദേശിലെ ബേതൂള്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
പ്രഫുല്‍ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള ‘ഛോട്ടാഭായ് ജീത്തഭായ് പട്ടേല്‍ ആന്‍ഡ് കമ്പനി’ ഏഴ് വര്‍ഷം മുമ്പ് 17,000 ഹെക്ടര്‍ ഭൂമി വിറ്റതിലാണ് ക്രമക്കേട് ആരോപിച്ചിരിക്കുന്നത്. നവനീത് ഗാര്‍ഗ് എന്നയാളാണ് പരാതിക്കാരന്‍. 2003 ജൂണ്‍ 19ന് കമ്പനി തനിക്ക് വിറ്റ ഭൂമി, 2003 ജൂണ്‍ 11 ന് മറ്റൊരാള്‍ക്ക് വിറ്റതായിരുന്നു എന്നാണ് പരാതിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നത്.
ദേശീയപാത 69 ന് സമീപമുള്ള വിവാദ ഭൂമിക്ക് ഇപ്പോള്‍ രണ്ട് കോടി രൂപ വിലമതിക്കുമെന്നും പരാതിക്കാരന്‍ പറയുന്നു. മന്ത്രിക്കെതിരെ കേസെടുക്കാന്‍ പൊലീസ് വിസമ്മതിച്ചതു കാരണമാണ് കോടതിയെ സമീപിച്ചത് എന്നും ഗാര്‍ഗ് തന്റെ പരാതിയില്‍ പറയുന്നു.