ന്യുമോണിയ ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ജ്യോതി ബസുവിനെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സന്ദര്‍ശിച്ചു. ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ഒരു മണിയോടെയാണ് പ്രധാനമന്ത്രി ആശുപത്രിയിലെത്തിയത്. നേരെ അദ്ദേഹം ജ്യോതി ബസുവിനെ കിടത്തിയിരിക്കുന്ന മുറിയിലേക്ക് കടക്കകയും ചെയ്തു. ഇരുപത് മിനുട്ടുകളോളം ആശുപത്രിയില്‍ ചെലവഴിച്ച ശേഷമാണ് പ്രധാനമന്ത്രിയും പ്രണബ് മുഖര്‍ജിയും മടങ്ങിയത്. ബസുവിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇരുവരും ഡോക്ടര്‍മാരുമായും ചര്‍ച്ച ചെയ്തു.
നേരത്തെ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് മന്‍മോഹന്‍സിംഗ് മടങ്ങിയത്.
ബസുവിന്‍റെ ആരോഗ്യവിവരങ്ങള്‍ അറിയാനായി പാര്‍ട്ടി അനുഭാവികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ആശുപത്രി പരിസരത്ത് എത്തിയിട്ടുണ്ട്. ദേശീയ മാധ്യമങ്ങളുടേതടക്കം വന്‍ മാധ്യമപ്പടയും ആശുപത്രിക്ക് വെളിയില്‍ ക്യാമ്പുചെയ്യുന്നുണ്ട്.