പ്രണയവിവാഹം, സ്കൂള്‍ കുട്ടികളെ പുറത്താക്കി

WEBDUNIA|
PRO
പ്രണയിച്ച് വിവാഹം കഴിച്ചതിന് പെണ്‍കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കി. ഹരിയാനയിലാണ് സംഭവം, രാഖി, മഞ്ജിത് കൌര്‍ എന്നീ പെണ്‍കുട്ടികളെയാണ് മറ്റു കുട്ടികളിലും ഈ ‘സ്വഭാവദൂഷ്യം’ പകരാതിരിക്കാ‍ന്‍ പ്രിന്‍സിപ്പല്‍ പുറത്താക്കിയത്. മഹേഷ്നഗര്‍ സീനിയര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ ഇവര്‍ രണ്ടു പേരും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒളിച്ചോടിപ്പോയി വിവാഹം കഴിക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബറിലായിരുന്നു രണ്ട് വിദ്യാര്‍ത്ഥികളുടെയും വിവാഹം നടന്നത്. രാ‍ഖി, ഗൌരവ് കുമാറിനെയും മഞ്ജിത്, അശോക് കുമാറിനെയും വിവാഹം കഴിച്ചു. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹം ചെയ്തതെങ്കിലും രാഖിയും ഭര്‍ത്താവും വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ വീട്ടുകാര്‍ അവരെ സ്വീകരിക്കുകയും ചെയ്തു.

വീട്ടില്‍ സ്വീകരിച്ചെങ്കിലും പഠനം തുടരാന്‍ രാഖിയെ വീട്ടുകാര്‍ നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്നാണ് രാഖി സ്കൂളിലേക്ക് വീണ്ടും എത്തിയത്. എന്നാല്‍, പഠനം തുടരാന്‍ സ്കൂള്‍ അധികൃതരെ സമീപിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ വിസമ്മതിച്ചു. ഇതിനെതിരെ രാഖിയും ഭര്‍ത്താവ് കുമാര്‍ ഗൌരവും സ്കൂള്‍ അധികൃതര്‍ക്കെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ്.

രാഖി മാത്രമല്ല മഞ്ജിതിനെയും സ്കൂളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും പ്രണയ വിവാഹത്തിന്‍റെ പേരിലല്ല, തുടര്‍ച്ചയായി സ്കൂളില്‍ വരാതിരുന്നത് കാരണമാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയതെന്നും ക്ലാസ് ടീച്ചര്‍ അല്‍കാ ജയിന്‍ പ്രതികരിച്ചത്. പ്രണയവിവാഹം ചെയ്തത് സ്കൂളില്‍ നിന്ന് വിലക്കാറില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിഷ ശര്‍മ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :