പ്രണബ് അഴിമതിക്കാരനാണെന്ന് തെളിയിക്കും: അണ്ണാ സംഘം

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PTI
PTI
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രണബ് മുഖര്‍ജിക്കെതിരെ അണ്ണാ ഹസാരെ സംഘത്തിന്റെ വെല്ലുവിളി. പ്രണബ് അഴിമതിക്കാരനാണെന്ന് തെളിയിക്കും എന്നാണ് ഹസാരെ സംഘാംഗം അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കിയത്. ജൂലൈ 25-ന് ഡല്‍ഹി ജന്ദര്‍ മന്ദറില്‍ ലോക്പാല്‍ വിഷയവുമായി ബന്ധപ്പെട്ട് സമരം നടത്തുമ്പോഴായിരിക്കും തെളിവുകള്‍ പുറത്തുവിടുക എന്നും കെജ്‌രിവാള്‍ പറഞ്ഞു.

സമരത്തിന് പിന്തുണ തേടി ഡല്‍ഹിയില്‍ നടത്തിയ റാലിയെ അഭിസംബോധന ചെയ്യവേയാണ് പ്രണബിനെതിരെ തെളിവുകള്‍ പുറത്തിവിടുന്നതിനെക്കുറിച്ച് കെജ്‌രിവാള്‍ സൂചന നല്‍കിയത്. പ്രധാനമന്ത്രി അഴിമതിക്കാരനാണ്, ഇപ്പോള്‍ അഴിമതിക്കാരനായ രാഷ്ട്രപതിയും. പ്രണബ് ഒട്ടേറെ അഴിമതികള്‍ നടത്തിയിട്ടുണ്ടെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. 2007-ല്‍ പ്രണബ് വിദേശകാര്യ മന്ത്രിയായിരുന്ന കാലത്തു ഘാനയിലേക്ക് അരി കയറ്റി അയച്ചതുമായി ബന്ധപ്പെട്ടു ആരോപണം ഉയര്‍ന്നിരുന്നു. 2,500 കോടി രൂപയുടെ ക്രമക്കേട് നടന്നു എന്നാണ് ആരോപണം. പ്രണബിനെതിരെയും അന്നത്തെ വാണിജ്യമന്ത്രി കമല്‍നാഥിനെതിരെയും അന്വേഷണം വേണമെന്നു ഘാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തകാര്യവും കെജ്‌രിവാള്‍ ഓര്‍മ്മിപ്പിച്ചു.

2005-ല്‍ പ്രതിരോധ മന്ത്രിയായിരിക്കെ ഇന്ത്യ ഫ്രാന്‍സ് സ്കോര്‍പ്പീന്‍ സബ്മറൈന്‍‍ പ്രൊജക്ട് കരാരില്‍ പ്രണബ് കമ്മിഷന്‍ വാങ്ങി എന്നും കെജ്‌രിവാള്‍ ആരോപണം ഉന്നയിച്ചു.

ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് അണ്ണാ സംഘത്തിന്റെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :