ബംഗാള്‍ മുനിസിപ്പല്‍ ഭരണസമിതി തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് രണ്ടുദിവസത്തെ സിപിഎം പോളിറ്റബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ യോഗത്തില്‍ പങ്കെടുക്കില്ല.
എന്നാല്‍, ബുദ്ധദേവിനോട് പിബിയില്‍ പങ്കെടുക്കണമെന്ന് നേതൃത്വം നേരത്തേ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി ഇടയ്ക്കിടെ, പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാത്തത് കേന്ദ്രനേതൃത്വത്തോടുള്ള പ്രതിഷേധമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടിവെച്ചതിലുള്ളപ്രതിഷേധമാണ് നേതൃയോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതിന് പിറകിലെന്ന് പറയപ്പെടുന്നു.
ബംഗാളിലെ തിരിച്ചടിയുടെ ചര്‍ച്ചകള്‍ പിബിയില്‍വിശദമായി നടക്കാനിടയില്ല. പ്രാഥമിക വിലയിരുത്തലുകള്‍ക്കുള്ള സാധ്യതയാണുള്ളത്. ബംഗാള്‍ ഘടകം തിരഞ്ഞെടുപ്പുഫലം വിലയിരുത്തിയ ശേഷമേ പിബിയിലും കേന്ദ്രകമ്മിറ്റിയിലും ചര്‍ച്ചകള്‍ക്ക് സാധ്യതയുള്ളു.
അതേസമയം, ഓഗസ്റ്റില്‍ നടക്കുന്ന വിശാല കേന്ദ്രകമ്മിറ്റിയോഗത്തില്‍ അവതരിപ്പിക്കേണ്ട രേഖയ്ക്ക് പിബി രൂപംനല്‍കും. പിബിയോഗത്തില്‍ പങ്കെടുക്കാനായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഡല്‍ഹിയിലെത്തിയിട്ടുണ്ട്.