പോളിറ്റ് ബ്യൂറോ തുടങ്ങി

ഡല്‍‌ഹി| WEBDUNIA|
സി പി ഐ (എം) പോളിറ്റ് ബ്യൂറോ യോഗം ഡല്‍‌ഹിയില്‍ ആരംഭിച്ചു. സുപ്രധാന വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ ഉണ്ടാകും. ഇന്തോ-അമേരിക്ക ആണവ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളത്തിലെ പാര്‍ട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചര്‍ച്ചാ വിഷയമാകും. ഗുജറാത്ത് നിയമ സഭാ തെരഞ്ഞെടുപ്പ്, നന്ദിഗ്രാം പ്രശ്നം എന്നിവ സംബന്ധിച്ചും ചര്‍ച്ച ഉണ്ടാകും.

കേരളത്തില്‍ നിന്നുളള പി ബി അംഗങ്ങളായ വി എസ് അച്യുതാനന്ദന്‍റെയും പിണറായി വിജയന്‍റെയും സസ്പന്‍ഷന്‍ പിന്‍‌വലിച്ച ശേഷമുളള ആദ്യ പി ബി യോഗമാണിത്. കേരളത്തിലെ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് വേണ്ട വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും വിഭാഗീയത ഉണ്ടായി എന്നു തന്നെയാണ് പി ബിയുടെ വിലയിരുത്തല്‍.

കേരളത്തിലെ ചില നേതാക്കള്‍ക്കെതിരെ എടുത്ത അച്ചടക്ക നടപടി സംബന്ധിച്ച പി കെ ഗുരുദാസന്‍, വൈക്കം വിശ്വന്‍ കമ്മിറ്റി റിപ്പോര്‍ട്ടും പരിഗണനയ്ക്ക് വരും. കേരളത്തില്‍ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് പോളിറ്റ് ബ്യൂറോയ്ക്ക് വിടുകയായിരുന്നു.

പശ്ചിമബംഗാളിലെ ഇടത് സര്‍ക്കാരിന്‍റെ നിലനില്പിന് തന്നെ ഭീഷണിയായ നന്ദിഗ്രാം പ്രശ്നത്തിനാകും പോളിറ്റ് ബ്യൂറൊ യോഗത്തില്‍ മുഖ്യ പരിഗണന എന്ന് കരുതുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :