ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 27 ഓഗസ്റ്റ് 2009 (20:04 IST)
PTI
ഡി ആര്‍ ഡി ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ കെ സന്താനം നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി മുന്‍ രാഷ്ട്രപതിയും പൊഖ്‌റാന്‍ - 2ന്‍റെ ഓപ്പറേഷണല്‍ ഇന്‍ചാര്‍ജുമായിരുന്ന എ പി ജെ അബ്ദുള്‍ കലാം രംഗത്തെത്തി. 1998ല്‍ പൊഖ്‌റാനില്‍ ഇന്ത്യ നടത്തിയ ആണുപരീക്ഷണം പരിപൂര്‍ണ വിജയമായിരുന്നു എന്നാണ് അബ്ദുള്‍ കലാം അവകാശപ്പെട്ടത്.
“അണുപരീക്ഷണം പൂര്‍ണമായും വിജയകരമായിരുന്നു. ഇതിന്‍റെ വിജയത്തില്‍ യാതൊരു അവ്യക്തതയുമില്ല” - കലാം പറഞ്ഞു. പൊഖ്‌റാന്‍ - 2നെക്കുറിച്ചുള്ള പുതിയ വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് കലാമിന്‍റെ വിശദീകരണം.
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്തിന്‍റെ അഭിമാനമായ പൊഖ്‌റാന്‍ - 2നെ സന്താനം തള്ളിപ്പറഞ്ഞത്. “പൊഖ്‌റാന്‍ - 2 ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടതുപോലെ പൂര്‍ണവിജയമായിരുന്നില്ല. അന്ന് നടത്തിയ ആണവ സ്ഫോടനത്തിന് പ്രതീക്ഷിച്ചിരുന്നത്ര ശക്‌തി ഉണ്ടായിരുന്നില്ല. ഒരു ‘ബിഗ് ബാംഗ്’ ആണ് പ്രതീക്ഷിച്ചതെങ്കിലും അത് നിഷ്ഫലമാവുകയായിരുന്നു.” - സന്താനം വെളിപ്പെടുത്തി.
1998ലെ പൊഖ്‌റാന്‍ - 2 ആണവ പരീക്ഷണത്തിനായുള്ള സ്ഥലം ഒരുക്കുന്നതിന്‍റെ ചുമതല സന്താനത്തിനായിരുന്നു.
എന്നാല്‍ സന്താനത്തിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ സുരീഷ് മേത്ത പറഞ്ഞു. പരീക്ഷണം പൂര്‍ണ വിജയമായിരുന്നുവെന്നും മേത്ത പറഞ്ഞു. പരീക്ഷണം മതിയായ അളവിലായിരുന്നു. ശാസ്ത്രജ്ഞര്‍ എന്താണോ പറയുന്നത് അതാണ് നമ്മള്‍ വിശ്വസിക്കുന്നത്. പരീക്ഷണം മതിയായ അളവിലും പൂര്‍ണ വിജയവുമാണെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നത്. നമുക്ക് ആണവശേഷി നേടിത്തന്ന ശാസ്ത്രജ്ഞരെ നമ്മള്‍ അവിശ്വസിക്കേണ്ട കാര്യമില്ല - മേത്ത പറഞ്ഞു.
നേരത്തെ പ്രതിരോധ മന്ത്രാലയവും പ്രധാനമന്ത്രിയുടേ മുന്‍ സുരക്ഷ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്രയും പൊഖ്‌റാന്‍ വിജയമായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.