പി‌എസി: സിംഗിന് പ്രണാബിന്റെ പിന്തുണയില്ല

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 2 ജനുവരി 2011 (16:26 IST)
PRO
പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റിക്ക് (പി‌എസി) മുന്നില്‍ ഹാജരാവാം എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തെ ധനമന്ത്രി പ്രണാബ് മുഖര്‍ജി പിന്തുണയ്ക്കുന്നില്ല. വാഗ്ദാനം നടത്തുന്നതിനു മുമ്പ് മന്‍‌മോഹന്‍ സിംഗ് അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമായിരുന്നു എന്ന് പ്രണാബ് പറഞ്ഞു.

താന്‍ പാര്‍ലമെന്റിന്റെ ചട്ടങ്ങളില്‍ വിശ്വസിക്കുന്നു. മന്ത്രിമാര്‍ പി‌എസിക്ക് മുന്നില്‍ ഹാജരാവാത്തതിനു കാരണം അവര്‍ പാര്‍ലമെന്റിനോട് മൊത്തത്തില്‍ ഉത്തരവാദിത്തമുള്ളവരായതു കൊണ്ടാണ്. ലോക്സഭയില്‍ മൊത്തം 543 അംഗങ്ങളില്‍ 272 അംഗങ്ങളുടെ പിന്തുണയുള്ളവരാണ് മന്ത്രിമാരും പ്രധാനമന്ത്രിയും. പ്രധാനമന്ത്രി പാര്‍ലമെന്റിന്റെ ചെറിയൊരു സമിതിക്ക് മുന്നിലല്ല, മുഴുവന്‍ സഭയ്ക്ക് മുന്നിലാണ് വിശ്വാസ്യത തെളിയിക്കേണ്ടത്, കൊല്‍ക്കത്തയില്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രണാബ്.

2ജി അഴിമതിയില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതിനെയും പ്രണാബ് രൂക്ഷമായി വിമര്‍ശിച്ചു. അഴിമതിക്കെതിരെ നടപടി എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് പറയുന്നത് തെറ്റാണ്. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടുകഴിഞ്ഞു.

പി‌എസിക്ക് മുന്നില്‍ ഹാജരാവാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി കോണ്‍ഗ്രസ് പ്ലീനറിയില്‍ വച്ചാണ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഇതേ കാര്യം സൂചിപ്പിച്ചുകൊണ്ട് പി‌എസി അധ്യക്ഷന്‍ മുരളീ മനോഹര്‍ ജോഷിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

എന്നാല്‍, പ്രധാനമന്ത്രി പി‌എസിക്ക് മുന്നില്‍ ഹാജരാവുന്നത് ചട്ട ലംഘനമാണെന്ന് ബിജെപി കുറ്റപ്പെടുത്തിയിരുന്നു. ജെപിസി രൂപീകരണം മാത്രമാണ് പ്രശ്ന പരിഹാരമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :