കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അനധികൃത ഖനനവിവാദത്തില്‍ ആരോപണം നേരിടുന്നതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയപ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ ബി ജെ പി അടിയന്തര യോഗം ചേരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരിയുടെ വസതിയിലാണ് ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരുന്നത്.
അനധികൃത ഖനനവിവാദം സംബന്ധിച്ച് ലോകായുക്ത റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഗഡ്‌കരി കഴിഞ്ഞദിവസം രാത്രി യെദ്യൂരപ്പയുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയിരുന്നു. താന്‍ രാജിവയ്‌ക്കില്ലെന്ന് പാര്‍ട്ടി നേതൃത്വത്തോട് യെദ്യൂരപ്പ വ്യക്‌തമാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
ബാംഗ്ലൂരില്‍ തിരിച്ചെത്തിയ യെദ്യൂരപ്പ താന്‍ പിന്നോട്ടില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. രാവിലെ പാര്‍ട്ടി എം എല്‍ എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3.30ന് മന്ത്രിസഭായോഗം ചേരുമെന്നും 31-ന് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ തിരിച്ചെത്തുമെന്നും യെദ്യൂരപ്പ അറിയിച്ചു. അതേസമയം യെദ്യൂരപ്പ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കരുതെന്ന് എം എല്‍ എമാര്‍ക്ക് കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.