പാക് തട്ടിപ്പ് നടത്തുന്നു: ഇന്ത്യ

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified തിങ്കള്‍, 19 ജനുവരി 2009 (16:25 IST)
ഭീകരതയ്ക്കെതിരെ പാകിസ്ഥാന്‍ ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തട്ടിപ്പാണെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി പല്ലം രാജു. ന്യൂഡല്‍ഹിയില്‍ എന്‍ ‌സി‌ സി റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പ് സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.

പാകിസ്ഥാനിലെ ജനകീയ സര്‍ക്കാരിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കരുത്തില്ല. അവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം മതിയായ രീതിയിലുള്ളതല്ല. ഇതുവരെയുള്ള പാകിസ്ഥാന്‍റെ നടപടികളില്‍ വിശ്വാസവും സന്തോഷവുമില്ല, പല്ലം രാജു പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം എന്ന ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ സമ്മര്‍ദ്ദത്തിലാണ്. പാകിസ്ഥാനിലെ ശക്തികേന്ദ്രങ്ങള്‍ക്ക് ഒപ്പം പ്രബലമല്ലാത്ത സര്‍ക്കാരിന് നടപടി എടുക്കാനായി മറ്റുള്ളവരെ പ്രീതിപ്പെടുത്തേണ്ടതുണ്ട് എന്നും മന്ത്രി പറഞ്ഞു.

പാകിസ്ഥാന്‍ മതിയായ നടപടികള്‍ എടുത്തില്ല എങ്കില്‍ ഇന്ത്യയ്ക്ക് സ്വന്തം നിലയില്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഉത്തരവാദിത്വമുള്ള രാജ്യമെന്ന നിലയ്ക്ക് ഇന്ത്യ ഇപ്പോള്‍ നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ വേണ്ടി പാകിനു മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.

മുംബൈ ആക്രമണത്തിനു ശേഷം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന് തെറ്റിദ്ധരിച്ചാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക് സേനാവിന്യാസം നടത്തിയതെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :