പാകിസ്ഥാനിലെ ജയിലുകളില്‍ എട്ട് കുട്ടികള്‍ ഉള്‍പ്പെടെ 400 ല്‍ അധികം ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ഇതില്‍ ഒരാള്‍ക്കെതിരെ കൊലപാതകത്തിനും ഭീകര പ്രവര്‍ത്തനത്തിനുമാണ് കേസെടുത്തിരിക്കുന്നത് എന്ന് പാകിസ്ഥാന് പത്രമായ ‘ ദ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ തടവുകാരില്‍ 411 പേരെ കറാച്ചിയിലെ സെണ്ട്രല് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കുട്ടികളെ ലാന്ധി ജയിലിലും.
ഈ ആഴ്ച ആദ്യം 117 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 13 ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് പാകിസ്ഥാന് ജയിലില്‍ കഴിയുന്ന മറ്റ് തൊഴിലാളികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നത്.
ഇവരില്‍ പലരുടെയും നില വളരെ പരിതാപകരമാണെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങളിലെയും സര്‍ക്കാര്‍ ഇവരുടെ മോചനത്തിനായി ശ്രമിക്കുന്നില്ല എന്നും ഇന്ത്യ-പാകിസ്ഥാന് ബന്ധം വഷളായതോടെ മോചനത്തിനുള്ള സാധ്യതവളരെ മങ്ങിയതായും തടവുകാര്‍ പരാതിപ്പെടുന്നു.
ഇവരില്‍ പലര്‍ക്കും എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് സ്വന്തം വീട്ടുകാര്‍ക്ക് വ്യക്തമായ ധാരണ ഇല്ലെന്നും തടവുകാര്‍ വ്യക്തമാക്കിയതായി പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു.