ഹിന്ദുസ്ഥാനി സംഗീതത്തിലെ കുലപതി പണ്ഡിറ്റ് ഭീംസെന്‍ ജോഷി (88) അന്തരിച്ചു. ദീര്‍ഘകാലമായി രോഗശയ്യയില്‍ ആയിരുന്ന ഭീംസെന്നിന്റെ അന്ത്യം പൂനെയിലെ സഹ്യാദ്രി ആശുപത്രിയില്‍ വച്ചായിരുന്നു.
കടുത്ത അതിസാരബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഭീംസെന്നിന്റെ ആരോഗ്യനില കഴിഞ്ഞ മൂന്ന് ദിവസം കൊണ്ടാണ് തീര്‍ത്തും വഷളായത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി കണ്ടിരുന്നു. മൂന്ന് ദിവസത്തോളം വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ആരോഗ്യ നില തീര്‍ത്തും വഷളാവുകയും തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് അന്ത്യം സംഭവിക്കുകയും ചെയ്തു.
കിരാന ഖരാന പരമ്പരയിലെ വിവിധ ആലാപന ശൈലികള്‍ക്ക് പൂര്‍ണത നല്‍കിയിട്ടുള്ള ഭീംസെന്നിന് രാഷ്ട്രം ഭാരത രത്നം അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. അദ്ദേഹം ബാലമുരളീകൃഷ്ണ, ലതാ മങ്കേഷ്കര്‍ എന്നിവര്‍ക്കൊപ്പം ആലപിച്ച ‘മിലേ സുര്‍ മേര തുമാര’ എന്ന ഗാനം വളരെയധികം ജനസമ്മതി നേടിയിരുന്നു.