പണത്തിനായി 8 വിവാഹം: സുന്ദരി മുങ്ങിയത് ലക്ഷങ്ങളുമായി!

ചെന്നൈ| WEBDUNIA|
PRO
PRO
രണ്ട് വര്‍ഷത്തിനിടയില്‍ എട്ട് പേരെ വിവാഹം ചെയ്‌ത് പണം തട്ടിയ ഒരു യുവതിയെ തേടിയുള്ള നെട്ടോട്ടത്തിലാണ് ചെന്നൈ പൊലീസ്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയെന്ന് പരിചയപ്പെടുത്തി തട്ടിപ്പ് നടത്തിയ ഷെഹ്‌നാസിനെയാണ് പൊലീസ് തിരയുന്നത്. തമിഴ്‌നാട്ടിലെ വ്യത്യസ്തസ്ഥലങ്ങളില്‍ നിന്നായി വിവാഹം കഴിച്ച സ്‌ത്രീഓരോരുത്തരില്‍ നിന്നും രണ്ടുലക്ഷം മുതല്‍ മൂന്നുലക്ഷം വരെയാണ് തട്ടിയെടുത്തത്.

അഭിഭാഷകയെന്ന് പരിചയപ്പെടുത്തി 2011-ലും 2012-ലുമായി എട്ടുപേരെയാണ് ഇവര്‍ വിവാഹം കഴിച്ചത്. യുവാക്കളെ മൊബൈല്‍ ഫോണില്‍ വിളിച്ച് പരിചയപ്പെട്ടാണ് തട്ടിപ്പിന് ഇരയാക്കിക്കൊണ്ടിരുന്നത്. യുവതി മലയാളം കലര്‍ന്ന തമിഴിലാണ് ഫോണില്‍ സംസാരിച്ചിരുന്നത്. താന്‍ അനാഥയാണെന്നും തിരുവനന്തപുരത്ത് അമ്മൂമ്മ മാത്രമേയുള്ളൂവെന്നും ഇപ്പോള്‍ മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുകയാണെന്നും പറയും.

വിവാഹം കഴിഞ്ഞ് എതാനും ദിവസം കൂടെ കഴിഞ്ഞതിന് ശേഷമാണ് തട്ടിപ്പുകള്‍ക്കാവശ്യമായ പദ്ധതികള്‍ തുടങ്ങുന്നത്. താന്‍ ഐ.എ.എസ്സിന് പഠിക്കുകയാണെന്നും അതിനാല്‍ തനിച്ച് താമസിക്കണമെന്നും യുവതി യുവാക്കളോട് പറയും. പിന്നീട്‌ നഗരത്തിലെ എതെങ്കിലും വനിതാ ഹോസ്റ്റലിലേക്ക് താമസം മാറുകയും അവിടെ നിന്ന് മുങ്ങുകയും ചെയ്യുന്നതാണ് സ്ഥിരം രീതി.

2011 എപ്രിലില്‍ ഗിണ്ടി ഇന്‍ഡസ്ട്രില്‍ എസ്റ്റേറ്റിലെ ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജോലിചെയ്യുന്ന മണികണ്ഠനെ വിവാഹംചെയ്തതിനുശേഷം ഇതേകഥ പറഞ്ഞാണ് സെയ്ദാപ്പേട്ടയിലെ വനിതാ ഹോസ്റ്റലിലേക്ക് മാറിയത്. 2011-ല്‍ തന്നെ വിവാഹം കഴിച്ച വെങ്കിടേശനെ പറ്റിച്ച് മുങ്ങിയതും ഇതേ ഹോസ്‌റ്റലില്‍ വച്ചാണ്. വെങ്കിടേശന്‍ മണികണ്ഠനെ ഫോണ്‍ വിളിച്ച് പറഞ്ഞപ്പോഴാണ് യുവതി തന്നെ ചതിച്ചതാണെന്ന് യുവാവിന് മനസ്സിലായത്.

ഇതിനുശേഷം കാഞ്ചീപുരത്തെ ഒരു ഫുട്ബോള്‍ കളിക്കാരന്‍ പ്രസന്നയും യുവതി ചതിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. ഷെഹ്‌നാസും മറ്റൊരു യുവാവും തമ്മിലുള്ള കല്യാണ ഫോട്ടോ സുഹൃത്ത് കാണിച്ചപ്പോഴാണ് യുവതി തട്ടിപ്പുകാരിയെന്ന് മനസ്സിലായത്. ഇതറിഞ്ഞ യുവതി മുങ്ങുകയും ചെയ്തു.

തുടര്‍ന്ന് യുവതിയുടെ ചതിയിലകപ്പെട്ട പ്രസന്ന പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലാണ് യുവതി നിരവധി യുവാക്കളെ തട്ടിപ്പിനിരയാക്കിയതായി അറിയാന്‍ സാധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :