പടലപ്പിണക്കം ബിജെപിക്ക് വിനയാവുന്നു

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified വ്യാഴം, 22 ജനുവരി 2009 (16:29 IST)
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാജസ്ഥാന്‍ ഘടകത്തിലെ പടലപ്പിണക്കം ബിജെപിക്ക് പ്രശ്നമാവുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗിന്‍റെ മകനും കല്യാണ്‍ സിംഗിന്‍റെ മകന്‍റെ പാത പിന്തുടര്‍ന്ന് എസ്പിയില്‍ ചേര്‍ന്നു എന്ന പ്രചാരണമാണ് ബിജെപിയുടെ പുതിയ തലവേദന.

മകന്‍ മാനവേന്ദ്രയെ കുറിച്ചുള്ള ആരോപണത്തെ കുറിച്ച് ജസ്വന്ത് സിംഗ് അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു. രാജസ്ഥാന്‍ പാര്‍ട്ടി ഘടകത്തിലെ ചില നേതാക്കളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ജസ്വന്ത് സിംഗ് പരാതിപ്പെട്ടതായി ചില പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബാര്‍മറില്‍ നിന്നുള്ള എം പിയാണ് മാനവേന്ദ്ര.

ആരോപണങ്ങള്‍ക്കെതിരെ അനുയോജ്യമായ നടപടികള്‍ സ്വീകരിച്ചില്ല എങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അത് പാര്‍ട്ടിയുടെ പ്രകടനത്തെ വിപരീതമായി ബാധിക്കുമെന്ന് ജസ്വന്ത് സിംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെതുടര്‍ന്ന് രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്‍ ഓം മാഥൂരിനെയും വസുന്ധരരാജെയും എല്‍ കെ അദ്വാനി ചൊവ്വാഴ്ച വിളിച്ചുവരുത്തിയിരുന്നു.

രാജസ്ഥാനിലെ പടലപ്പിണക്കളും ഭൈറോണ്‍ സിംഗ് ശേഖാവത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വ മോഹവും എ കെ അദ്വാനി ചര്‍ച്ച ചെയ്തു എന്നാണ് സൂചന. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പടലപ്പിണക്കങ്ങളാണ് ബിജെപിക്ക് തിരിച്ചടിയായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :