നേതാജി: പുനരന്വേഷണം വേണമെന്ന് ഹര്‍ജി

കൊല്‍ക്കത്ത| WEBDUNIA| Last Updated: ശനി, 21 ജൂണ്‍ 2008 (15:15 IST)
നേതാജി സുബാഷ് ചന്ദ്രബോസിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് നിയോഗിച്ച മുഖര്‍ജി കമ്മീഷന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്പര്യ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സുബാഷ് ചന്ദ്ര ബസു എന്ന ആളാണ് ഹര്‍ജ് സമര്‍പ്പിച്ചിരിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധ കാലത്ത് വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടോ? മറ്റേതെങ്കിലും തരത്തില്‍ ആണ് അദ്ദേഹം മരണപ്പെട്ടതെങ്കില്‍ അത് എങ്ങനെ, എവിടെ വച്ച് എന്നത് അറിയണമെന്നാണ് പൊതുതാല്പര്യ ഹര്‍ജിയിലെ ആവശ്യം.

ചീഫ് ജസ്റ്റിസ് എസ് എസ് നിജ്ജര്‍, ജസ്റ്റിസ് പി സി ഘോഷ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പൊതു താല്പര്യ ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റുകയും ചെയ്തു. മുഖര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ട് തിരസ്കരിച്ച കേന്ദ്രത്തിന്‍റെ നിലപാടിനെ ചോദ്യം ചെയ്ത് കൊണ്ടുള്ള മറ്റൊരു ഹര്‍ജിയും കോടതി മുന്‍പാകെയുണ്ട്.

കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് പ്രകാരം ആണ് റിട്ടയേഡ് സുപ്രീം കോടതി ജഡ്ജി മനോജ് മുഖര്‍ജിയുടെ നേതൃത്വത്തിലുളള കമ്മീഷനെ നിയമിച്ചതെന്നും പൊതുതാല്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് നേതാജി ജീവനോടെ ഉണ്ടോ മരിച്ചോ, മരിച്ചെങ്കില്‍ അത് വിമാനാപകടത്തിലാണോ, ജപ്പാനില്‍ ക്ഷേത്രത്തില്‍ സൂക്ഷിക്കിരിക്കുന്നത് നേതാജിയുടെ ചിതാഭസ്മമാണോ, മറ്റേതെങ്കിലും രീതിയിലാ‍ണോ അദ്ദേഹം മരിച്ചത്, എങ്കില്‍ എവിടെ, എങ്ങനെ എന്നതും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവ അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.

മുഖര്‍ജി കമ്മീഷന്‍ 2005ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നേതാജി ജീവിച്ചിരിപ്പില്ലെന്നാണ് കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍, വിമാനാപകടത്തിലല്ല അദ്ദേഹം കൊല്ലപ്പെട്ടതെന്നും പറയുന്നുണ്ട്. ജപ്പാനിലെ ക്ഷേത്രത്തിലുള്ളത് നേതാജിയുടെ ചിതാഭസ്മമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. തെളിവുകളുടെ അഭാവത്തില്‍ എങ്ങനെയാണ് നേതാജി കൊല്ലപ്പെട്ടതെന്ന് പറയാന്‍ കഴിയില്ലെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

കേന്ദ്രം സഹകരിക്കാതിരുന്നത് കൊണ്ടാണ് കമ്മീഷന് നേതാജിയുടെ മരണം സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കാനാവാതിരുന്നതെന്ന് ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :