വിവാദ സ്വാമി നിത്യാനന്ദ പരമഹംസ ബിദാദി ആശ്രമത്തില്‍ നടത്തിയ ‘കുണ്ഡലീനി ഉണര്‍ത്തല്‍’ പരിപാടിയെ ‘കോമഡി ഷോ’ ആയി ചിത്രീകരിച്ചതിനെതിരെ പരാതി. എ സി നരേന്ദ്രന്‍ എന്ന ഭക്തനാണ് പരാതിയുമായി പൊലീസ് കമ്മീഷണറെ സമീപിച്ചിരിക്കുന്നത്.
രണ്ട് ചാനലുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരെയാണ് പരാതി. ഗുരുപൂര്‍ണിമ ആഘോഷങ്ങളുടെ ഭാഗമായി നടന്ന കുണ്ഡലീനി ഉണര്‍ത്തല്‍ സെഷനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചാണ് അവതരിപ്പിച്ചത്. ചാനലുകളില്‍ അപകീര്‍ത്തികരമായ കമന്ററിയോടെയാണ് ഇത് സംപ്രേക്ഷണം ചെയ്തത്.
സെഷനില്‍ എന്താണ് നടന്നതെന്ന് അറിയാന്‍ ശ്രമിക്കാതെയും കുണ്ഡലീനിയെ കുറിച്ച് ആത്മീയവും ശാസ്ത്രീയവുമായ ഗവേഷണം നടത്താതെയും ആണ് മാധ്യമങ്ങള്‍ ഗുരുപൂര്‍ണിമ ആഘോഷങ്ങള്‍ ‘കോമഡി ഷോ’ ആണെന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് തന്റെ മതവികാരത്തെ മുറിവേല്‍പ്പിച്ചു എന്നും ഇയാള്‍ പരാതിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
കുണ്ഡലീനി ശക്തി ഉപയോഗിച്ച് വായുവില്‍ ഉയരാന്‍ സാധിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ഗുരുപൂര്‍ണിമ ദിനത്തില്‍ ബിദാദി ആശ്രമത്തില്‍ സത്സംഗം നടന്നത്. കുണ്ഡലീനി ശക്തിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിന്റെ ഭാഗമായിരുന്നു ഇത്. എന്നാല്‍, വിവാദ നടി രഞ്ജിത ഉള്‍പ്പെടെയുള്ള ഭക്തര്‍ സ്വന്തം ഇരിപ്പിടത്തില്‍ നിന്ന് ഉയരാന്‍ ശ്രമിച്ച് പരാജയപ്പെടുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിത്യാനന്ദയ്ക്ക് ആകാശത്തില്‍ ഉയരാന്‍ സാധിച്ചില്ല എന്നും റിപ്പോര്‍ട്ടുകളില്‍ വന്നത് ആശ്രമത്തിന് തിരിച്ചടിയാവുകയായിരുന്നു.