നരേന്ദ്രമോഡി ഹിറ്റ്‌ലറെ പോലെ ഏകാധിപതിയാണെന്ന് അനന്തമൂര്‍ത്തി

ബംഗലൂര്‍| WEBDUNIA|
PRO
PRO
നരേന്ദ്രമോഡി ഹിറ്റ്‌ലറെ പോലെ ഏകാധിപതിയാണെന്നും മോഡി ഭരിക്കുന്ന ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജ്ഞാനപീഠ പുരസ്‌കാര ജേതാവ് യുആര്‍ അനന്തമൂര്‍ത്തി. നരേന്ദ്രമോഡിയെ പുകഴ്ത്തുന്ന വിആര്‍ കൃഷ്ണയ്യര്‍ക്ക് സ്ഥിരബുദ്ധി നഷ്ടപ്പെട്ടെന്നും അനന്തമൂര്‍ത്തി ബംഗലൂരുവില്‍ പറഞ്ഞു. നേരത്തെ മോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിട്ടുപോകുമെന്ന് അനന്തമൂര്‍ത്തി പറഞ്ഞിരുന്നു. ഇതെത്തുടര്‍ന്ന് മോഡി അനുയായികള്‍ അനന്തമൂര്‍ത്തിക്ക് വേണ്ടി യാത്രാക്കൂലിയും വിമാനടിക്കറ്റും പിരിച്ചത് വലിയ വിവാദമായിരുന്നു.

ജനാധിപത്യത്തില്‍ ചിലപ്പോള്‍ തെറ്റുകള്‍ സംഭവിക്കാറുണ്ട്. ഹിറ്റ്‌ലറുടെ ചരിത്രം അതാണ് കാട്ടുന്നത്. മോഡി പ്രധാനമന്ത്രി ആയാലും അത് ഒരു തവണ മാത്രമേ ആകൂ എന്നാണ് അനന്തമൂര്‍ത്തിയുടെ അഭിപ്രായം. അഴിമതിക്കാരനല്ലാതെ ഇരിക്കുന്നതല്ല നല്ല ഭരണാധികാരിയുടെ ലക്ഷണമെന്നും കോര്‍പ്പറേറ്റ് ഭീമന്മാര്‍ മുതല്‍മുടക്കാനും തെരഞ്ഞെടുപ്പ് ചെലവുകള്‍ വഹിക്കാനും ഉള്ളപ്പോള്‍ അഴിമതി ചെയ്യേണ്ട കാര്യമില്ല. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിഭാഗീയതയും വളര്‍ത്തുന്നത് അഴിമതിയേക്കാള്‍ ആപത്താണ്.

സഹിഷ്ണുതയില്ലാത്ത നേതാവാണ് മോഡി. മോഡിയുടെ ഭരണത്തിന്‍ കീഴിലുള്ള ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന തന്റെ പ്രസ്താവനയെ ആര്‍എസ്എസ് വളച്ചൊടിച്ചു. ആരെയും പേടിച്ച് നാടുവിടില്ല. ഹിന്ദു ധര്‍മ്മം എന്തെന്ന് തനിക്ക് നന്നായറിയാം. നരേന്ദ്ര മോഡിക്കോ ആര്‍എസ്എസ്സിനോ യഥാര്‍ത്ഥ ഹിന്ദുത്വം എന്തെന്നറിയില്ല. അവര്‍ മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. ഗുജറാത്ത് കലാപത്തിലെ മോഡിയുടെ പങ്കിനേക്കുറിച്ച് മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയ്ക്ക് എല്ലാമറിയാമായിരുന്നു.

എന്നാല്‍ ആര്‍എസ്എസ്സിന്റെ സമ്മര്‍ദ്ദത്താല്‍ മൗനംപാലിക്കുകയായിരുന്നു. വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ മാത്രമേ നമ്മള്‍ ശിക്ഷിക്കുന്നുള്ളൂ. ഇതിന് മാറ്റം വരണം. തന്റെ അഭിപ്രായങ്ങള്‍ സ്വതന്ത്രമാണ്. അത് രാഷ്ട്രീയമവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ലെന്നും അനന്തമൂര്‍ത്തി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :