ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ഞായര്‍, 21 ഫെബ്രുവരി 2010 (14:37 IST)
PRO
നക്സല്‍ ഭീഷണിയുള്ള സംസ്ഥാനങ്ങളില്‍ ഐപിഎസ് ഓഫീസര്‍മാരുടെ ദാരിദ്ര്യം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ ഓഫീസര്‍മാരെ പ്രൊബേഷന്‍ അടിസ്ഥാനത്തില്‍ ഈ പ്രദേശങ്ങളില്‍ നിയമിച്ചു. പതിനാറ് ഓഫീസര്‍മാരെയാണ് നക്സല്‍ ബാധിത മേഖലകളില്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടുമാരായി നിയമിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പശ്ചിമബംഗാളില്‍ സൈനിക ക്യാമ്പുകള്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് നടപടി. നക്സല്‍ ഭീഷണിയുള്ള പല ജില്ലകളിലും ആവശ്യമായ ഐപിഎസ് ഓഫീസര്‍മാര്‍ ഇല്ലെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് പരാതിപ്പെട്ടിരുന്നു.
അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ്, ഡെപ്യൂട്ടി കമാന്‍ഡന്‍റ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് ആഭ്യന്തരമന്ത്രാലയം ഈ ദൌത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഓറീസ, ബിഹാര്‍ എന്നിവടങ്ങളിലാണ് ഇവരെ നിയമിക്കുക.
ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സേവനമനുഷ്ഠിച്ച് പ്രാഗത്ഭ്യം തെളിയിച്ച ഓഫീസര്‍മാരാണിതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിയമനത്തിന് മുന്‍പ് വനമേഖലകളില്‍ നക്സല്‍ വേട്ട നടത്തുന്നതിനാവശ്യമായ പ്രത്യേക പരിശീലനം ഇവര്‍ക്ക് നല്‍കും. സംസ്ഥാന സര്‍ക്കാരുകളുടെ പൂര്‍ണ്ണനിയന്ത്രണത്തിലായിരിക്കും ഇവരുടെ പ്രവര്‍ത്തനമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതിനിടെ നക്സല്‍ ഭീഷണി നേരിടാനാവശ്യമായ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ആഭ്യന്തരമന്ത്രി പി ചിദംബരം ബിഹാര്‍, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവര്‍ക്കയച്ച പ്രത്യേക സന്ദേശത്തിലാണ് ചിദംബരം കൂടിക്കാഴ്ചയ്ക്കെത്താന്‍ നിര്‍ദ്ദേശിച്ചത്.