ദോര്‍ജി ഖണ്ഡു എവിടെ? തെരച്ചില്‍ അവസാനിച്ചില്ല

തവാംഗ്| WEBDUNIA|
PRO
അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു എവിടെയെന്ന് ഇതുവരെയായും സ്ഥിരീകരിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ കിഴക്കന്‍ ഭൂട്ടാനിലെ ദാപൊരിജൊയില്‍ സുരക്ഷിതമായി നിലത്തിറങ്ങി എന്ന് അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ പറഞ്ഞിരുന്നു എങ്കിലും അത്തരമൊരു ഹെലികോപ്ടറിനെ കുറിച്ച് വിവരമൊന്നുമില്ല എന്നാണ് ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസിഡര്‍ വ്യക്തമാക്കുന്നത്.

ദോര്‍ജി ഖണ്ഡുവിനോടോ ഹെലികോപ്ടറിലെ മറ്റു യാത്രക്കാരോടോ ബന്ധം പുലര്‍ത്താനായിട്ടില്ല എന്ന് അരുണാചല്‍ പ്രദേശ് സര്‍ക്കാരും സ്ഥിരീകരിച്ചു.

പവന്‍ ഹാന്‍സ് എ എസ് 350 ബി-3 ഹെലികോപ്ടറില്‍ മുഖ്യമന്ത്രിയെ കൂടാതെ അദ്ദേഹത്തിന്റെ സുരക്ഷാ ഓഫീസറും രണ്ട് പൈലറ്റുമാരും ഒരു എം‌എല്‍‌എയുടെ സഹോദരിയുമാണ് ഉണ്ടായിരുന്നത്.

രാവിലെ 9:50 ന് ആണ് ദോര്‍ജിയെയും വഹിച്ചു കൊണ്ടുള്ള പവന്‍ ഹാന്‍സ് ഹെലികോപ്ടര്‍ തവാംഗില്‍ നിന്ന് പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന് 20 മിനിറ്റുനുള്ളില്‍ തന്നെ ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് പൊലീസും വ്യോമസേനയും സൈന്യവും മൂന്ന് മണിക്കൂറോളം തെരച്ചില്‍ നടത്തി. വ്യോമസേനയുടെ രണ്ട് ചീറ്റ ഹെലികോപ്ടറുകള്‍ തെരച്ചിലിനെത്തിയപ്പോള്‍ കരസേന ഇറ്റാനഗറിനും തവാംഗിനും ഇടയില്‍ കരയിലൂടെ തെരച്ചില്‍ ആരംഭിച്ചിരുന്നു.

ഇറ്റാനഗറിലേക്കുള്ള യാത്രാ മധ്യേയാണ് കോപ്ടര്‍ കാണാതായത്. 11: 30 ന് ഹെലികോപ്ടര്‍ ഇറ്റാനഗറില്‍ ഇറങ്ങേണ്ടതായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :