ദുര്‍മന്ത്രവാദിയെന്നാരോപിച്ച് ജനക്കൂട്ടം നോക്കി നില്‍ക്കെ നരബലി
ഗുവാഹാട്ടി|
WEBDUNIA|
PRO
ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് അസമിലെ കച്ചാര്‍ ജില്ലയില്‍ മധ്യവയ്സ്കനെ സ്ത്രീകളുള്‍പ്പടെയുള്ള ആള്‍ക്കൂട്ടം മര്‍ദ്ധിച്ച് കൊലപ്പെടുത്തി. നരെയ്ന്‍പൂര്‍ ചായത്തോട്ടത്തിലാണ് ജവഹര്‍ലാല്‍ മുറ എന്നയാളെ ആയിരത്തോളം വരുന്ന ജനക്കൂട്ടം നോക്കിനില്‍ക്കെ കൈയും കാലും കെട്ടിയിട്ട് കൊലപ്പെടുത്തിയത്.
വ്യാഴാഴ്‌ച ഉച്ചയോടെ ഇയാളുടെ കൈകാല്‍ ബന്ധിച്ച് എസ്‌റ്റേറ്റിലെ ആല്‍മരത്തിനു ചുവട്ടിലുളള കാളീപ്രതിമയ്‌ക്കു മുന്നില്‍ കൊണ്ടുവന്നു. പിന്നീട്, സ്‌ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന എണ്‍പതോളം ആളുകള്‍ മദ്യപിച്ച ശേഷം പാടി ഇയാള്‍ക്ക് ചുറ്റും നൃത്തംചെയ്‌തശേഷമാണ് നരബലി നടത്തിയത്.
സ്വപ്‌നത്തില്‍ കാളിമാത വന്നുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മുറയെ കൊന്നതെന്നാണ് ഇവരുടെ ന്യായീകരണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളുള്‍പ്പടെ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചില തൊഴിലാളികള്‍ മരിക്കാനും ചിലര്‍ക്ക് അസുഖമുണ്ടാകാനും കാരണം മുറ ദുര്‍മന്ത്രവാദം ചെയ്തിട്ടാണെന്ന വിശ്വാസമാണ് ഈ കടുംകൈയ്ക്ക് ഇവരെ പ്രേരിപ്പിച്ചതെന്ന് കച്ചാര്‍ എസ് പി ദിഗന്ത ബോറ പറഞ്ഞു.
മുറയെ കെട്ടിയിട്ട് പൂജകള്‍ നടത്തിയ ശേഷമാണ് കൊലപ്പെടുത്തിയത്. ഇതിനുശേഷം ഇയാളുടെ മൃതദേഹം തൊഴിലാളികള്‍ തന്നെ സംസ്‌കരിച്ചു. പൊലീസെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേയ്ക്ക് കൊണ്ടുപോയി.