കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് കോടതിയില്‍ തിരിച്ചടി. 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ചിദംബരത്തിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി നിലനില്‍ക്കുമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. ഇതോടെ ഈ കേസില്‍ ചിദംബരം വിചാരണ നേരിടേണ്ടിവരും എന്ന് ഉറപ്പായി.
ശിവഗംഗ മണ്ഡലത്തില്‍ നിന്ന് ചിദംബരം ജയിച്ചതിനെ ചോദ്യം ചെയ്ത് എതിര് സ്ഥാനാര്‍ഥിയായിരുന്ന എഐഎഡിഎംകെയുടെ ആര് എസ് രാജാ കണ്ണപ്പന് കോടതിയെ സമീപിക്കുകയായിരുന്നു. വോട്ടെണ്ണലില്‍ കൃത്രിമം നടന്നു എന്നായിരുന്നു കണ്ണപ്പന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
തുടര്‍ന്ന് കണ്ണപ്പന്റെ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് ചിദംബരം ഹൈക്കോടതിയില്‍ പോയി. എന്നാല്‍ ഹര്‍ജി തള്ളാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ചിദംബരം പരാജയപ്പെട്ടു എന്നായിരുന്നു ഫലം. തുടര്‍ന്ന് വീണ്ടും വോട്ടെണ്ണി ചിദംബരം വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.