തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഗോവിന്ദ

മുംബൈ| PRATHAPA CHANDRAN| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2009 (18:26 IST)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ബോളിവുഡ് താരവും മുംബൈ നോര്‍ത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് എം പിയുമായ ഗോവിന്ദ. പാര്‍ട്ടിയിലുള്ള തന്‍റെ ശത്രുക്കള്‍ കാരണമാണ് മത്സരത്തില്‍ നിന്ന് പിന്‍‌മാറുന്നതെന്നും ഗോവിന്ദ അറിയിച്ചു. മുംബൈയിലെ വസതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാഴ്ച മുമ്പ് തനിക്ക് മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ആരായാനായി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ഇത് തന്നില്‍ നിന്ന് മറച്ചു വയ്ക്കുകയായിരുന്നുവെന്നും ഗോവിന്ദ ആരോപിച്ചു.

സംസ്ഥാന നേതൃത്വത്തിലെ ചില നേതാക്കള്‍ കേന്ദ്രത്തിന്‍റെ നിര്‍ദേശം എന്നോട് മറച്ചുവച്ചു. വൈകിയ വേളയില്‍ ഇനി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്ന പാര്‍ട്ടിക്ക് ദോഷമേ ചെയ്യുകയുള്ളൂ എന്നതിനാല്‍ മത്സരത്തില്‍ നിന്ന് പിന്‍‌മാറുകയാണ്, ഗോവിന്ദ പറഞ്ഞു.

2004ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ ശക്തനായ സ്ഥാനാര്‍ത്ഥി രാം നായിക്കിനെ തോല്‍പ്പിച്ചാണ് മുംബൈം നോര്‍ത്തില്‍ നിന്ന് ഗോവിന്ദ ലോക്സഭയിലെത്തിയത്. പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ പ്രചരണത്തിനിറങ്ങുമെന്നും ഗോവിന്ദ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :