തുടരാന്‍ വയ്യെന്ന് കസബിന്‍റെ അഭിഭാഷകന്‍

PTIPTI
കസബിന്റെ അഭിഭാഷകനായി തുടരാന്‍ ആഗ്രഹമില്ലെന്ന് അബ്ബാസ് കസ്മി കോടതിയില്‍ പറഞ്ഞു. കസബിന് തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ഇതെന്നും കസ്മി പറഞ്ഞു.

കസബിന്റെ കേസില്‍ വ്യാഴാഴ്ച കോടതി നടപടി തുടങ്ങുമ്പോള്‍ തന്നെ കസ്മി ഇക്കാര്യം പ്രത്യേക ജഡ്ജി തഹിലിയാനിക്കു മുന്നില്‍ പറയുകയായിരുന്നു. കേസില്‍ നിന്ന് പിന്‍‌മാറാന്‍ അനുവാദം നല്‍കണമെന്നും കസ്മി ആവശ്യപ്പെട്ടു.

എന്നാല്‍, കസ്മി തുടരണമെന്ന് കോടതി ആവശ്യപ്പെട്ടു. വിചാരണയുടെ ആരംഭത്തില്‍ തന്നെ കസബിന്റെ അഭിഭാഷകനായിരുന്ന കസ്മി നിരവധി സാക്ഷികളെ വിസ്താരം നടത്തിക്കഴിഞ്ഞു എന്നും കോടതി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കേസില്‍ നിന്ന് പിന്‍‌മാറിയാല്‍ അത് നടപടികളെ കൂടുതല്‍ താ‍മസിപ്പിക്കും എന്നും കോടതി പറഞ്ഞു.

കസ്മിയുടെ പ്രകടനം ഒരു വലിയ നാടകമാണെന്നാണ് സര്‍ക്കാര്‍ അഭിഭാഷകനായ ഉജ്ജ്വല്‍ നികം വിലയിരുത്തിയത്.

പിന്നീട് നടപടികള്‍ തുടങ്ങിയപ്പോള്‍, കസബിന്റെ കുറ്റസമ്മതം റെക്കോര്‍ഡില്‍ സ്വീകരിക്കാന്‍ കോടതി സമ്മതിച്ചു. എന്നാല്‍, കുറ്റസമ്മതത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ വിധി പ്രസ്താവിക്കാന്‍ ആവില്ല എന്നും അനുയോജ്യമായ സമയത്ത് കുറ്റസമ്മതത്തെ കുറിച്ചുള്ള തീരുമാനം പറയുമെന്നും കോടതി പറഞ്ഞു.

കറാച്ചിയില്‍ നിന്ന് പുറപ്പെട്ടതു മുതല്‍ 26/11 ആക്രമണത്തില്‍ മുംബൈ പൊലീസിന്റെ പിടിയില്‍ ആവുന്നത് വരെയുള്ള കാര്യങ്ങള്‍ കോടതിക്കു മുന്നില്‍ കസബ് തുറന്നു പറഞ്ഞിരുന്നു. തന്നെ തൂക്കിലേറ്റണമെന്നും അതില്‍ കുറഞ്ഞ ശിക്ഷ താന്‍ ആഗ്രഹിക്കുന്നില്ല എന്നും കസബ് പറഞ്ഞിരുന്നു.

മുംബൈ| WEBDUNIA| Last Modified വ്യാഴം, 23 ജൂലൈ 2009 (15:05 IST)
എന്നാല്‍, കസബിന്റെ കുറ്റസമ്മതം വലിയൊരു ഗൂഢാലോചനയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകനായ ഉജ്ജ്വല്‍ നികം അഭിപ്രായപ്പെട്ടു. നിയമത്തിന്റെ ആനുകൂല്യം ലഭിക്കാന്‍ വേണ്ടിയാണ് സി‌എസ്ടി ആക്രമണത്തിന്റെ ഉത്തരവാദിത്വം മാത്രം ഏറ്റെടുത്ത് കുറ്റസമ്മതം നടത്തിയത്. അന്വേഷണത്തില്‍ നിന്ന് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്ഥാനിലെ ലഷ്കര്‍-ഇ-തൊയ്ബ നേതാക്കളെ ഒഴിവാക്കാനും കസബ് കുറ്റസമ്മതത്തിലൂടെ ശ്രമിക്കുന്നു എന്നും ഉജ്ജ്വല്‍ നികം ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :