തീവ്രവാദികള്‍ മുംബൈ ലക്‍ഷ്യമിട്ടിരുന്നു

ന്യൂഡല്‍ഹി| WEBDUNIA|
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ മാസം നടന്ന ബോംബ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തീവ്രവാദികള്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ ഉള്‍പ്പടെ മുംബൈയിലെ നാല് സ്ഥലങ്ങളില്‍ ആക്രമണം നടത്തുവാന്‍ ലക്‍ഷ്യമിട്ടിരുന്നുവെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ജമ്മുകാശ്‌മീര്‍, ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

എന്നാല്‍, ഉത്തര്‍പ്രദേശിലെ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളെ തട്ടികൊണ്ടുപോകുവാന്‍ ലക്‍ഷ്യമിട്ടിരുന്ന ജെയ്‌ഷ്-ഇ-മുഹമ്മദ് തീവ്രവാദികളെ ഉത്തര്‍പ്രദേശിലെ കോടതിയില്‍ അറസ്റ്റു ചെയ്ത് ഹാജരാക്കിയപ്പോള്‍ അഭിഭാഷകര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് തീവ്രവാദികള്‍ മുംബൈ ആക്രമണ പദ്ധതി ഉപേക്ഷിച്ച് ഉത്തര്‍പ്രദേശില്‍ ആക്രമണം നടത്തുകയായിരുന്നു.

2006 ല്‍ മുംബൈയില്‍ നടന്ന ബോംബ് ആക്രമണത്തെ ഓര്‍മ്മപ്പെടുത്തുന്ന വിധത്തിലുള്ള ആക്രമണമാണ് ഇവര്‍ ആസൂത്രണം ചെയ്തിരുന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യ, നാവി മുംബൈ, ഒബ്‌റോയ് ഹോട്ടല്‍ ,അന്ധേരി എന്നിവിടങ്ങളില്‍ ആക്രമണം നടത്തുവാനായിരുന്നു തീരുമാനം.

നവംബര്‍ 23 നാണ് ഉത്തര്‍പ്രദേശില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്. ലഖ്നൌ, ഫരീദാബാദ്, വാരണാസി എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :