തസ്ലീമയ്ക്ക് മടങ്ങാനാവില്ല

WD
വിവാദ സാഹിത്യകാരി തസ്ലീമ നസ്രീന്‍ പൊതുജന മധ്യത്തില്‍ എത്തുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കി. ഡല്‍ഹിയില്‍ കനത്ത സുരക്ഷയില്‍ തസ്ലീമയ്ക്ക് കഴിയാം. എന്നാല്‍, കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ അനുവദിക്കില്ല എന്നും കേന്ദ്രം വ്യക്തമാക്കി.

സര്‍ക്കാരിന്‍റെ നിയന്ത്രണങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എങ്കില്‍ ഇന്ത്യയ്ക്ക് വെളിയില്‍ സുരക്ഷിതമായ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറാമെന്നും കേന്ദ്ര സര്‍ക്കാര്‍ തസ്ലീമയെ അറിയിച്ചു. എന്നാല്‍, ഇന്ത്യ വിടാന്‍ ആഗ്രഹമില്ല എന്നും കൊല്‍ക്കത്ത തന്‍റെ രണ്ടാം വീടാണെന്നുമാണ് തസ്ലീമ പ്രതികരിച്ചത്.

“കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ സാധിക്കില്ല എങ്കില്‍ ഇന്ത്യ വിടുന്നതിനെ കുറിച്ച് ആലോചിക്കും, തീരുമാനം വേദനാജനകമാനെങ്കിലും. ഇന്ത്യയില്‍ താമസിക്കുകയാണെങ്കില്‍ സാമൂഹ്യ ജീവിതം വിലക്കും. സുഹൃത്തുക്കളുമായി പോലും സമ്പര്‍ക്കമുണ്ടാവാന്‍ അനുവദിക്കില്ല, തസ്ലീമ പറഞ്ഞു.”

കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ അനുവദിക്കാത്ത വിധം ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ല. ഇപ്പോഴുള്ള അവസ്ഥ വീട്ടു തടങ്കലാണെന്നും തസ്ലീമ പറഞ്ഞു.

കൊല്‍ക്കത്തയിലേക്ക് എന്ന് മടങ്ങാനാവുമെന്നും വീട്ടു തടങ്കല്‍ എന്ന് അവസാനിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളോട് ചോദിച്ചു എങ്കിലും വ്യക്തമായ മറുപടി നല്‍കാനാവില്ല എന്നായിരുന്നു പ്രതികരണമെന്ന് തസ്ലീമ വെളിപ്പെടുത്തി.

കൊല്‍ക്കത്തയില്‍ മതമൌലിക വാദികള്‍ നടത്തിയ പ്രതിഷേധങ്ങളെയും വധ ഭീഷണിയെയും തുടര്‍ന്ന് തസ്ലീമയെ രാജസ്ഥാനിലേക്കും തുടര്‍ന്ന് ഡല്‍ഹിയിലേക്കും മാറ്റുകയായിരുന്നു. സ്വന്തം നാടായ ബംഗ്ലാദേശിലും വധഭീഷണി നിലനില്‍ക്കുന്ന ഈ എഴുത്തുകാരി 14 വര്‍ഷം യൂറോപ്പില്‍ അഭയാര്‍ത്ഥിയായി കഴിഞ്ഞു.

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified വെള്ളി, 21 ഡിസം‌ബര്‍ 2007 (09:00 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :