rahul balan|
Last Modified വ്യാഴം, 18 ഫെബ്രുവരി 2016 (19:40 IST)
ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയെക്കുറിച്ച് പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ ആക്ടിവിസ്റ്റ് തരേക് ഫത്തായുടെ ലേഖനം ട്വീറ്റ് ചെയ്ത ബി ജെ പി നേതാവ് രാം മാധവിന്റെ നടപടി വിവാദമാകുന്നു.
ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയില്‍ ഒരു ചെറിയ പാകിസ്ഥാന്‍ വളര്‍ന്നു വരുന്നു എന്ന തലക്കെട്ടോടെ മൂന്നുവര്‍ഷം മുമ്പ് ഡെയ്‌ലി മെയിലിലാണ് തരേക് ഫത്തായുടെ ലേഖനം വന്നത്. ഈ ലേഖനമാണ് രാം മാധവ് ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ജെ എന്‍ യു വിഷയത്തില്‍ ബി ജെ പിയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ രാം മാധവിന്റെ പുതിയ നീക്കം രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് ഉറപ്പാണ്.
ജെ എന്‍ യു വിന് ശേഷം ജാമിയ മില്ലിയക്കെതിരെ നീക്കം നടക്കുന്നുവെന്ന തരത്തില്‍ കൊല്‍ക്കത്തയിലെ പ്രമുഖ ദിനപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് പ്രശ്‌നം ദേശീയ തലത്തില്‍ ചര്‍ച്ചയായത്.
പാകിസ്ഥാന്‍ നയങ്ങളെ നിശിതമായി വിമര്‍ശിച്ച തരേക് ഫത്തായുടെ ലേഖനങ്ങളും മറ്റും അവിടെ നിരോധിച്ചിട്ടുണ്ട്. ആയിടക്കാണ് ജാമിയ മില്ലിയയില്‍ നടത്താനിരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണവും വേണ്ടെന്നു വെച്ചത്. സര്‍വ്വകലാശാലയിലെ ഹാളിന് പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തിന്റെ പേരിട്ടതിനെക്കുറിച്ച് താന്‍ സംസാരിക്കാന്‍ കരുതിയിരുന്നുവെന്നും തന്നെക്കുറിച്ച് മനസ്സിലാക്കിയ 'മുസ്ലീം മൗലികവാദികള്‍' ഇടപെട്ട് പ്രഭാഷണവും ചര്‍ച്ചയും തടയുകയായിരുന്നു എന്നാണ് തരേക് ഫത്താ ലേഖനത്തില്‍ പറഞ്ഞത്.
‘തന്നെ പാകിസ്ഥാനില്‍ സംസാരിക്കാന്‍ അനുവദിക്കില്ല, ഡല്‍ഹിയിലെ ജാമിയയില്‍ അതുപോലെ ഒരു ചെറിയ പാകിസ്ഥാന്‍ വളര്‍ന്നുവരുന്നത് സങ്കടകരമാണ്’ എന്ന് ഫത്താ പറഞ്ഞതായും ലേഖനത്തിലുണ്ട്.