തമിഴ് രാജ്യത്തിന് കോണ്‍ഗ്രസ്‌ പിന്തുണയില്ല

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 26 ഏപ്രില്‍ 2009 (12:56 IST)
ശ്രീലങ്കയില്‍ തമിഴ്‌ വംശജര്‍ക്ക്‌ പ്രത്യേക രാജ്യം വേണമെന്ന തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജയലളിതയുടെ ആവശ്യത്തെ പിന്തുണക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇത്തരം ആവശ്യങ്ങളെ അംഗീകരിക്കുന്നത് മറ്റൊരു രാജ്യത്തിന്‍റെ പരമാധികാരത്തില്‍ കൈകടത്തലാകുമെന്നും കോണ്‍ഗ്രസ്‌ വക്‌താവ്‌ അഭിഷേക്‌ സിങ്ങ്‌വി പറഞ്ഞു.

ലങ്കയിലെ വംശീയ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ തമിഴര്‍ക്ക്‌ പ്രത്യേക രാജ്യം നല്‍കുക മാത്രമാണ് ഏക പോംവഴിയെന്ന് അണ്ണാ ഡിഎംകെ നേതാവ്‌ ജയലളിത കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.സിംഹളര്‍ക്കു ലഭിക്കുന്ന എല്ലാ അവകാശങ്ങളും അവര്‍ക്കു ലഭിക്കണം. ഇതിനുള്ള ഏക മാര്‍ഗം തമിഴ്‌ വംശജര്‍ക്കായി പ്രത്യേക രാജ്യം നല്‍കുകയാണെന്നും ജയലളിത വ്യക്തമാക്കിയിരുന്നു ‌. തിരഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ ഇക്കാര്യം തീര്‍ച്ചയായും നടപ്പാക്കുമെന്നും ജയലളിത പ്രഖ്യാപിച്ചിരുന്നു.

എല്‍ ടി ടി ഇയുടെ ഏറ്റവും വലിയ വിമര്‍ശകയായിരുന്ന ജയലളിതയുടെ പുതിയ നിലപാട് ഡി എം കെയെയും കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കിയിരുന്നു. പ്രകടന പത്രികയില്‍പ്പോലും തമിഴര്‍ക്ക് തുല്യ അവകാശം നല്‍കണമെന്ന് മാത്രമേ ജയലളിത ഇതുവരെ ആവശ്യപ്പെട്ടിരുന്നുള്ളു. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിശദീകരണവുമായി രംഗത്തു വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :