നൂറുകണക്കിന് സിനിമകളില്‍ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച തമിഴ് ഹാസ്യ നടന്‍ നാഗേഷ് (75) ശനിയാഴ്ച നിര്യാതനായി. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു.
തമിഴ് സിനിമാപ്രേക്ഷരെ ചിരിപ്പിക്കാനുള്ള നിയോഗം ഏറ്റെടുത്ത നാഗേഷ് എന്ന ഗുണ്ടു റാവു അഞ്ച് പതിറ്റാണ്ടിലധികം സിനിമാ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. എം ജി ആര്‍, ശിവാജി ഗണേശന്‍ എന്നീ അഭിനയ പ്രതിഭകള്‍ക്കൊപ്പം അനേകം ചിത്രങ്ങളില്‍ നാഗേഷ് വേഷമിട്ടു. കമലാഹാസനൊപ്പം ‘അപൂര്‍വ സഹോദരങ്ങള്‍’, ‘മെക്കിള്‍ മദന കാമരാജന്‍’ എന്നീ സിനിമകളിലും വേഷമിട്ടിരുന്നു.
നീര്‍ക്കുമിഴി, യാരുക്കാഗ അഴുതാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വളരെ ഗൌരവതരമായ അഭിനയം കാഴ്ച വച്ച നാഗേഷ് തനിക്ക് പ്രേക്ഷകരുടെ കണ്ണുകളെ ഈറനാക്കാനും സാധിക്കുമെന്ന് തെളിയിച്ചു.
നൂറുകണക്കിന് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നാഗേഷ് ‘തിരുവിളയാടല്‍’ എന്ന സിനിമയിലെ പ്രകടനത്തിന് എന്നും ഓര്‍മ്മിക്കപ്പെടും. ഈ ചിത്രത്തില്‍ ഒരു കവിയെ ആയിരുന്നു ഈ തമാശക്കാരന്‍ അവതരിപ്പിച്ചത്.
ചെന്നെയിലെ വെസ്റ്റ് മാമ്പലത്ത് ആയിരുന്നു തൊഴില്‍ അന്വേഷകനായ ഗുണ്ടുറാവു ആദ്യകാലത്ത് താമസിച്ചിരുന്നത്. ഇതിനിടെ റയില്‍വേയില്‍ ഒരു ചെറിയ ജോലി തരപ്പെട്ടു എങ്കിലും തൃപ്തനല്ലായിരുന്നു. അഭിനയ മോഹം കാരണം ഇക്കാലത്ത് പല നാടകട്രൂപ്പുകളുമായും സഹകരിച്ചു. പിന്നീട് നിര്‍മ്മാതാവ് ബാലാജിയാണ് നാഗേഷിനെ സിനിമാ ലോകത്തിന് സമ്മാനിച്ചത്.