ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണം: കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്നതിന് ആം ആദ്മി ഹിതപരിശോധനക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹിതപരിശോധന നടത്തുമെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി മുന്നോട്ട് വെച്ച 18 നിര്‍ദേശങ്ങള്‍ക്ക് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. 16 നിര്‍ദേശങ്ങള്‍ ഭരണപരമായി നടപ്പാക്കേണ്ടതാണ്. മറ്റ് രണ്ടെണ്ണം ഡല്‍ഹി നിയമസഭയുടെ പരിധിയില്‍ വരുന്നതല്ല. പുറത്തുനിന്നുള്ള പിന്തുണയാണ് വാഗ്ദാനം ചെയ്തതെന്നും നിരുപാധിക പിന്തുണ നല്‍കിയിട്ടില്ലെന്നും ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് പറഞ്ഞു.

ഈ പശ്ചാത്തലത്തിലാണ് ഹിതപരിശോധന നടത്താനുള്ള ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. അടുത്ത ഞായറാഴ്ച്ച വരെ എസ്എംഎസിലൂടേയും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടേയും സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ലഫ്റ്റന്റ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. നിയമസഭ മരവിപ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ ശുപാര്‍ശയില്‍ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ രൂപീകരണത്തിനില്ലെന്ന് ബിജെപിയും സമയം അനുവദിക്കണമെന്ന് ആം ആദ്മി പാര്‍ട്ടിയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് ലഫ്. ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്. ഡിസംബര്‍ 18ന് നിയമസഭയുടെ കാലാവധി അവസാനിക്കുമെന്നിരിക്കെ ഭരണപ്രതിസന്ധി ഒഴിവാക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ചതോടെ ആഭ്യന്തര മന്ത്രാലയം തുടര്‍നടപടികള്‍ക്കായുള്ള സാധ്യതകള്‍ പരിഗണിച്ചുവരുകയാണ്.

70 അംഗ ഡല്‍ഹി നിയമസഭയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിന് 36 സീറ്റിന്റെ ഭൂരിപക്ഷം വേണം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. 31 സീറ്റുകള്‍ നേടി വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ മന്ത്രിസഭ രൂപീകരിക്കാനില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. എഎപി 28 സീറ്റുകളാണ് തെരഞ്ഞെടുപ്പില്‍ നേടിയത്. കോണ്‍ഗ്രസ് എട്ട് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :