ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ശനി, 16 ജനുവരി 2010 (10:11 IST)
തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മൂടല്‍മഞ്ഞ് കാരണം ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വ്യോമഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച രാവിലെ 25 ഓളം അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകളെ മൂടല്‍മഞ്ഞ് പ്രതികൂലമായി ബാധിച്ചത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
പന്ത്രണ്ടോളം ആഭ്യന്തര സര്‍വീസുകളെയും പതിനൊന്നോളം അന്താരാഷ്ട്ര സര്‍വീസുകളും മൂടല്‍മഞ്ഞ് കാരണം മണിക്കൂറുകളോളം വൈകി. രണ്ട് അന്താരാഷ്ട്ര സര്‍വീസുകളുടെ സമയം മാറ്റി നിശ്ചയിച്ചു. അബുദാബിയില്‍ നിന്നുള്ള ഒരു വിമാനം കനത്ത മഞ്ഞുകാരണം വഴിതിരിച്ചുവിട്ടു.
ഇന്നലെ രാത്രി 125 മീറ്ററോളം ദൂരത്തില്‍ മാത്രമേ റണ്‍വേ കാഴ്ച ഉണ്ടായിരുന്നുള്ളൂ എങ്കിലും പ്രത്യേക സജ്ജീകരണങ്ങള്‍ ചെയ്തതു കാരണം വ്യോമഗതാഗതം തടസ്സപ്പെട്ടിരുന്നില്ല. എന്നാല്‍, ഇന്ന് രാവിലെ ആറ് മണിയോടെ റണ്‍വേ കാഴ്ച 75 മീറ്ററായി ചുരുങ്ങിയതോടെയാണ് വ്യോമഗതാഗതം തടസ്സപ്പെട്ടത്.
ബുധനാഴ്ച രാത്രി മുതലാണ് കനത്ത മൂടല്‍മഞ്ഞ് ഡല്‍ഹിയില്‍ നിന്നുള്ള വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിച്ചത്. ഇതുവരെ 300 ഓളം സര്‍വീസുകളെ മൂടല്‍മഞ്ഞ് പ്രതികൂലമായി ബാധിച്ചു.