ന്യൂഡല്‍ഹിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന് എത്രയോ സര്‍വെകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് രാജ്യത്ത് നടക്കുന്ന ബലാത്സംഗങ്ങളില്‍ നാലിലൊന്നും ഡല്‍ഹിയില്‍ ആണെന്നാണ്.
അതേപോലെ, കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത സ്ത്രീകളെ തട്ടിക്കൊണ്ട് പോകല്‍ കേസുകളില്‍ അഞ്ചില്‍ രണ്ട് ഭാഗവും നഗരത്തില്‍ നിന്നുള്ളതാണ്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന സ്ത്രീധന പീഡന മരണ കേസുകളില്‍ 15 ശതമാനവും സ്ത്രീ പീഡന കേസുകളില്‍ 14 ശതമാനവും ഡല്‍ഹി നഗരത്തില്‍ നിന്നുള്ളതാണ്. നാഷണല്‍ ക്രൈംസ് റിക്കോര്‍ഡ്സ് ബ്യൂറോ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യയിലെ 35 വന്‍ നഗരങ്ങളില്‍ നിന്ന് 1,696 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍, 404 എണ്ണം ഡല്‍ഹിയില്‍ നിന്നുള്ളതാണ്. സ്ത്രീകളെ തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് 3,544 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 1,379 എണ്ണവും ഡല്‍ഹിയില്‍ നിന്നുള്ളതാണ്. 684 സ്ത്രീധന പീഡന മരണങ്ങളില്‍ 104 എണ്ണവും രാജ്യ തലസ്ഥാനത്തു നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മധ്യപ്രദേശ് ആണ് ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം- 2,998 എണ്ണം. കുടുംബത്തില്‍ തന്നെയുള്ളവര്‍ ബലാത്സംഗം ചെയ്ത കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഛത്തീസ്ഗഡില്‍ നിന്നാണ് - 107 എണ്ണം. ഇത്തരത്തിലുള്ള ബലാത്സംഗങ്ങളില്‍ 30.7 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.