ടീച്ചറെ കൊന്നതെന്തിനെന്ന് വിദ്യാര്‍ത്ഥി വെളിപ്പെടുത്തി

ചെന്നൈ| WEBDUNIA|
ചെന്നൈയിലെ അര്‍മേനിയന്‍ സ്ട്രീറ്റിലുള്ള സെന്റ്‌ മേരീസ്‌ ആംഗ്ലോ ഇന്ത്യന്‍ സ്കൂളിലെ ക്ലാസ് മുറിയില്‍ വച്ച് ഹിന്ദി ഉമാ മഹേശ്വരി കൊല്ലപ്പെട്ട സംഭവത്തിന്റെ ചുരുള്‍ അഴിയുന്നു. ഒന്‍‌പതാം ക്ലാസില്‍ ഹിന്ദി പഠിപ്പിച്ച് കൊണ്ടിരിക്കുമ്പോള്‍ മുഹമ്മദ് ഇസ്മായീല്‍ എന്ന വിദ്യാര്‍ത്ഥി ഒളിച്ച് വച്ചിരുന്ന കത്തിയെടുത്ത് അധ്യാപികയെ കുത്തുകയായിരുന്നു. അറസ്റ്റിലായ മുഹമ്മദ് ഇസ്മായീല്‍ അധ്യാപികയെ കൊല്ലാനുണ്ടായ സാഹചര്യം പൊലീസിനോട് വിശദീകരിച്ചു.

“സ്കൂളിന് അടുത്തുതന്നെയുള്ള ഏഴുകിണര്‍ സ്ട്രീറ്റിലാണ് ഞാന്‍ താമസിക്കുന്നത്. അച്ഛന്‍ കപ്പലില്‍ ചരക്ക് അയയ്ക്കുകയും കൊണ്ടുവരികയും ചെയ്യുന്ന ഒരു സ്ഥാപനത്തില്‍ ജോലി നോക്കുന്നു. എനിക്ക് ഹിന്ദി തീരെ അറിയില്ല. ഇതുകാരണം ടീച്ചര്‍ എന്നും എന്നെ വഴക്ക് പറയും. ഈയടുത്ത് എന്റെ റിപ്പോര്‍ട്ട് കാര്‍ഡില്‍ ഞാന്‍ ഒട്ടും പഠിക്കുന്നില്ലെന്ന് ടീച്ചര്‍ എഴുതിച്ചേര്‍ത്തു. ഇത് കണ്ട വീട്ടുകാരില്‍ നിന്ന് എനിക്ക് ചീത്ത കേട്ടു. ടീച്ചറോടുള്ള വെറുപ്പ് കൊലചെയ്യാനുള്ള തീരുമാനമായി മാറുകയായിരുന്നു.”

“വീടിന്റെ അരികിലുള്ള കടയില്‍ നിന്ന് 20 രൂപാ കൊടുത്ത് ഒരു കത്തി വാങ്ങി ഞാന്‍ സൂക്ഷിച്ചു. എന്നിട്ട് ഒരു അവസരത്തിനായി കാത്തു. അപ്പോഴാണ് വ്യാഴാഴ്ച ടീച്ചര്‍ സ്പെഷ്യല്‍ ഹിന്ദി ക്ലാസ് എടുക്കുന്നുണ്ടെന്ന് അറിഞ്ഞത്. 11 മണിക്കായിരുന്നു ക്ലാസ്. ഞാന്‍ 10.50-ന് തന്നെ സ്പെഷ്യല്‍ ക്ലാസ് നടക്കുന്ന റൂമിലെത്തി. കുട്ടികള്‍ അധികമാരും ക്ലാസില്‍ ഉണ്ടായിരുന്നില്ല. കിട്ടിയ അവസരം ഞാന്‍ പാഴാക്കിയില്ല.”

“അരയില്‍ ഒളിപ്പിച്ച് വച്ചിരുന്ന കത്തിയെടുത്ത് പറ്റാവുന്നത്ര ശക്തിയോടെ ടീച്ചറുടെ വയറ്റില്‍ കുത്തിയിറക്കി. വലിച്ചൂരിയെടുത്ത് വീണ്ടും വീണ്ടും കുത്തി. ഞാനിങ്ങനെ ചെയ്യുമെന്ന് ടീച്ചര്‍ വിചാരിച്ച് കാണില്ല. ‘നീയെന്താണീ ചെയ്തത്’ എന്ന് ചോദിച്ചുകൊണ്ട് ടീച്ചര്‍ തറയില്‍ വീണു. ‘എന്നെ രക്ഷിക്കൂ’ എന്ന് ടീച്ചര്‍ അലറിക്കരയുന്നുണ്ടായിരുന്നു. ടീച്ചര്‍ മരിച്ചിട്ടും ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. ശിക്ഷ ഏറ്റുവാങ്ങാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു” - എന്ന് മുഹമ്മദ് ഇസ്മായീല്‍ പൊലീസിനോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :