ബി ജെ പി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ഞായറാഴ്ച ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായതിനാലാണ് രാജിക്കു സന്നദ്ധനായതെന്നും യെദ്യൂരപ്പ പറഞ്ഞു.
കഴിഞ്ഞ 40 വര്‍ഷമായി ദക്ഷിണേന്ത്യയില്‍ സംഘടനയെ വളര്‍ത്താന്‍ പരിശ്രമിച്ച എളിയ ബി ജെ പി പ്രവര്‍ത്തകനാണ് ഞാന്‍. പാര്‍ട്ടിയുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കുന്നതു തുടരണമെന്നു തന്നെയാണ് ആഗ്രഹം. ആഷാഢ മാസം കഴിയുന്ന ജൂലായ് 30ന് ശേഷം മുഖ്യമന്ത്രിസ്ഥാനം ഒഴിയും- യെദ്യൂരപ്പ പറഞ്ഞു.
ഖനിഅഴിമതി ആരോപണത്തെ തുടര്‍ന്നാണ് യെദ്യൂരപ്പയ്ക്ക് രാജിവയ്ക്കേണ്ടി വരുന്നത്. അനധികൃത ഖനനവിവാദം സംബന്ധിച്ച ലോകായുക്ത റിപ്പോര്‍ട്ടില്‍ യെദ്യൂരപ്പയെക്കെതിരെയും ബി ജെ പി മന്ത്രിമാര്‍ക്കെതിരെയും പരാമര്‍ശമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ബി ജെ പി കേന്ദ്രനേതൃത്വം യെദ്യൂരപ്പയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. രാജിവയ്ക്കാന്‍ ആദ്യം യെദ്യൂരപ്പ തയ്യാറായിരുന്നില്ല. എന്നാല്‍ ആര്‍ എസ് എസ് പിന്തുണയോടെ ബി ജെ പി നേതൃത്വം ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ യെദ്യൂരപ്പ രാജിക്ക് സന്നദ്ധനാകുകയായിരുന്നു.
അതേസമയം പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം തിരക്കിട്ട ശ്രമം തുടങ്ങി. ഇക്കാര്യം സംസ്ഥാനനേതൃത്വവുമായും നിയമസഭാംഗങ്ങളുമായും ചര്‍ച്ച നടത്തുന്നതിന് കേന്ദ്ര നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിംഗ്, വെങ്കയ്യനായിഡു എന്നിവര്‍ ഇന്ന് ബാംഗ്ലൂരില്‍ എത്തുന്നുണ്ട്. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ വൈകുന്നേരത്തേക്ക് തീരുമാനമായേക്കും.