ഞങ്ങള്‍ കേരള മാഫിയകളല്ല: എം കെ നാരായണന്‍

പത്തനംതിട്ട| WEBDUNIA|
PRO
കേരളത്തില്‍ നിന്നുള്ളവര്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ മാഫിയകളായല്ല പ്രവര്‍ത്തിക്കുന്നത് എന്ന് മുന്‍ ദേശസുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ‘കേരള മാഫിയ’ പ്രവര്‍ത്തിക്കുന്നു എന്ന വിക്കിലീക്സ് വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കക്കാര്‍ക്കും വിക്കിലീക്സിനും എന്തു വേണമെങ്കിലും പറയാം. അതെ കുറിച്ച് കൂടുതല്‍ പ്രതികരിച്ച് വിവാദം സൃഷ്ടിക്കാന്‍ ഒരുക്കമല്ല എന്ന നിലപാടാണ് നാരായണന്‍ സ്വീകരിച്ചത്.

യുഎസിന്റെ ഇന്ത്യന്‍ അംബാസിഡര്‍മാരായിരുന്ന ഡേവിഡ് മുള്‍‌ഫോര്‍ഡും തിമോത്തി റോമറും യുഎസ് ആഭ്യന്തരമന്ത്രാലയത്തിന് അയച്ച നയതന്ത്ര സന്ദേശങ്ങളിലെ ‘കേരള മാഫിയ’ പരാമര്‍ശവും 2006-ല്‍ നടന്ന മന്ത്രിസഭാ അഴിച്ചുപണിയില്‍ യുഎസിന്റെ സ്വാധീനം ഉണ്ടായിരുന്നു എന്ന പരാമര്‍ശവും കഴിഞ്ഞ ദിവസം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി‌കെ‌എ നായര്‍ക്കൊപ്പം എംകെ നാരായണനും കൂടി ചേര്‍ന്ന് ഇപ്പോള്‍ ഒരു ‘കേരള മാഫിയ’ ആണ് പി‌എം‌ഒയില്‍ പ്രവര്‍ത്തിക്കുന്നത്. ഹിന്ദിക്കാര്‍ കൈയടക്കി വച്ചിരുന്ന മേഖലയില്‍ കേരളത്തില്‍ നിന്നുള്ളവര്‍ പ്രവര്‍ത്തിക്കുന്നത് തുടര്‍ന്നുവന്നിരുന്ന രീതിയില്‍ മാറ്റമുണ്ടാക്കിയേക്കാമെന്നുമായിരുന്നു പരാമര്‍ശം.

2006 -ല്‍ മന്ത്രിസഭാ പുനസംഘടന നടത്തിയപ്പോള്‍ ഇറാന്‍ വാതക പൈപ്പ് ലൈനിനെ പരസ്യമായി പിന്തുണച്ചിരുന്ന മണിശങ്കര്‍ അയ്യരെ മാറ്റി പകരം മുരളി ദിയോറയെ പെട്രോളിയം വകുപ്പ് മന്ത്രിയാക്കിയത് യുഎസിന്റെ താല്‍‌പര്യം സംരക്ഷിക്കാനായിരുന്നു എന്നും മറ്റൊരു സന്ദേശത്തില്‍ പറയുന്നുണ്ട്. യുഎസ് ഇന്ത്യയുടെ മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ വരെ സ്വാധീനം ചെലുത്തുന്നതിനെ ബിജെപിയും സിപി‌എമ്മും കടുത്ത ഭാഷയിലാണ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്.

പാകിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഒറ്റപ്പെട്ടു എന്ന വിക്കിലീക്സ് വെളിപ്പെടുത്തലും പാര്‍ലമെന്റില്‍ പ്രതിപക്ഷം ആയുധമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :