ജി‌എസ്‌എല്‍‌വിക്ക് തിരിച്ചടിയായത് ഇന്ധനപ്രശ്നം

തിരുവനന്തപുരം| WEBDUNIA| Last Modified ഞായര്‍, 18 ഏപ്രില്‍ 2010 (14:51 IST)
ഇന്ത്യയുടെ അഭിമാന പരീക്ഷണമായ ജി‌എസ്‌എല്‍‌വി ഡി-3 വിക്ഷേപണം പരാജയപ്പെടാന്‍ കാരണം ക്രയോജനിക് സ്റ്റേജിലേക്കുള്ള ഇന്ധന പ്രവാഹം തടസ്സപ്പെട്ടതാണെന്ന് പ്രാഥമിക വിലയിരുത്തല്‍. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിന്റെ പരാജയത്തെ കുറിച്ച് വിശകലനം ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇക്കാര്യം കണ്ടെത്തിയത്.

ഐ‌എസ്‌ആര്‍‌ഒ തലവന്‍ ഡോ.കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാജയകാരണങ്ങളെ കുറിച്ച് കമ്പ്യൂട്ടര്‍ ഡാറ്റകള്‍ പഠിച്ച് വിശകലനം ചെയ്ത് വരുന്നത്. ജി‌എസ്‌എല്‍‌വി ഡി-3യില്‍ ഘടിപ്പിച്ചിരുന്ന ക്രയോജനിക് എഞ്ചിന്‍ പ്രവര്‍ത്തിച്ചു തുടങ്ങി ഒരു സെക്കന്‍ഡിനുള്ളിലാണ് ഇന്ധന പ്രവാഹത്തില്‍ തടസ്സം നേരിട്ടത് എന്നാണ് ലഭ്യമായ വിവരം.

ക്രയോജനിക് എഞ്ചില്‍ പ്രവര്‍ത്തിച്ചു എന്നത് ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ വലിയ ആശ്വാസമുളവാക്കുന്നു. തദ്ദേശീയമായി നിര്‍മ്മിച്ച എഞ്ചിന്‍ പ്രവര്‍ത്തിച്ചു എന്നത് നേട്ടമായി തന്നെ ശാസ്ത്ര സംഘത്തിനു കരുതാം.

ഇന്ധന പ്രവാഹം ഒന്നിലധികം കാരണങ്ങള്‍ കൊണ്ട് തടസ്സപ്പെടാമെന്നാണ് വിലയിരുത്തല്‍. ഇതെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു പ്രത്യേക ‘ഫെയ്‌ലര്‍ അനാലിസിസ്’ സമിതിയെ നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്. സമിതി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :